സമാനതകളില്ലാത്ത പരാജയത്തിലേക്ക് കുതിക്കുകയാണ് പാന്‍ വേള്‍ഡ് ചിത്രം ടോക്‌സിക്. കെ.ജി.എഫ് എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം യഷ് നായകനായെത്തിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സമ്മാനിച്ച ചിത്രമായി ടോക്‌സിക് മാറുമെന്ന് ഏറെക്കുറെ ഉറപ്പായി.
ആദ്യദിനം 120 കോടിക്കുമുകളില്‍ നേടിയെങ്കിലും പിന്നീട് കളക്ഷനില്‍ വലിയ ഇടിവാണ് സംഭവിച്ചത്. മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 240 കോടിയാണ് ചിത്രം നേടിയത്. കന്നഡയില്‍ മാത്രം ഒതുക്കിനിര്‍ത്താതെ നിരവധി ഭാഷകളില്‍ ടോക്‌സിക് റിലീസ് ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
ഇന്ത്യക്ക് പുറത്തുള്ള മാര്‍ക്കറ്റ് ലക്ഷ്യം വെച്ചാണ് ഇംഗ്ലീഷ് വേര്‍ഷന്‍ ഒരുക്കിയത്. ഹോളിവുഡിലെ മുന്‍നിര സ്റ്റുഡിയോയായ ലയണ്‍സ്‌ഗേറ്റാണ് ടോക്‌സിക് ഇംഗ്ലീഷ് വേര്‍ഷന്‍ വിതരണം ചെയ്തത്. എന്നാല്‍ ദയനീയമായ കളക്ഷനാണ് ഇംഗ്ലീഷ് വേര്‍ഷന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് വെറും 3000 ഡോളര്‍ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.
ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്യാതെ കന്നഡക്കൊപ്പം ഇംഗ്ലീഷിലും അണിയിച്ചൊരുക്കിയ ചിത്രം കൂടിയാണ് ടോക്‌സിക്. ഡബ്ബിങ്ങിന് ചെലവായ പൈസ പോലും തിരിച്ച് കിട്ടാന്‍ സാധ്യതയില്ലെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടന്നത്. പാന്‍ വേള്‍ഡ് റീച്ചിന് ശ്രമിച്ചിട്ട് വലിയ തിരിച്ചടിയാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.
ബജറ്റിന്റെ പകുതിയെങ്കിലും കളക്ട് ചെയ്യാനായാല്‍ ഭാഗ്യമെന്നും ട്രാക്കര്‍മാര്‍ പ്രവചിക്കുന്നുണ്ട്. കെ.ജി.എഫിലൂടെ ലഭിച്ച സ്റ്റാര്‍ഡം തൊട്ടടുത്ത സിനിമയിലൂടെ യഷിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കരിയറിന്റെ പീക്കില്‍ എത്തി നിന്ന സമയത്ത് യഷ് എടുത്ത റിസ്‌ക് തിരിച്ചടിയായെന്നും സിനിമാപേജുകള്‍ അഭിപ്രായം പങ്കുവെച്ചു.
കരിയറിലെ ഏറ്റവും വിലപ്പെട്ട മൂന്നുവര്‍ഷം ഒരു സിനിമക്ക് വേണ്ടി മാറ്റിവെച്ചതും അത് പരാജയമായതും യഷിനെ നല്ല രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. 600 കോടിയോളം ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക്കിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. പ്രേക്ഷകരെ യാതൊരു തരത്തിലും എന്‍ഗേജ് ചെയ്യിക്കാത്ത ചിത്രമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
1960കളില്‍ ഗോവയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. രായ എന്ന ഗ്യാങ്‌സ്റ്ററിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍ ഇരട്ടവേഷത്തിലാണ് യഷ് പ്രത്യക്ഷപ്പെടുന്നത്. നല്ലൊരു ആശയത്തിന്റെ മോശം അവതരണമാണ് ടോക്‌സിക്കിന് തിരിച്ചടിയായത്.
Content Highlight: Toxic movie English version getting pathetic collection