| Wednesday, 2nd September 2026, 10:15 pm

കേരളത്തില്‍ കൂപ്പുകുത്തി ടോക്‌സിക്ക്; ബോക്‌സ് ഓഫീസില്‍ ഏഴാം ദിനം കിട്ടിയത് 9 ലക്ഷം

അശ്വിന്‍ രാജേന്ദ്രന്‍

കെ.എജി.എഫ് എന്ന കന്നട ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയെ ആകെ പിടിച്ചുകുലുക്കിയ അഭിനേതാവാണ് യഷ്. റോക്കി ഭായ് എന്ന മാസ് കഥാപാത്രമായി വന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ കന്നട ഇന്‍ഡസ്ട്രിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്തിരുന്നു. ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു യഷ് നായകനായ മറ്റൊരു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.

ടോക്‌സിക്ക്. Photo: District

മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് കഴിഞ്ഞയാഴ്ച്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രം എന്നാല്‍ പ്രതീക്ഷകളെയെല്ലാം അസ്തമിപ്പിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ കാലിടറി വീഴുന്ന കാഴ്ച്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. യഷിന് പുറമെ നയന്‍താര, കിയാറ അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ശരാശരിയിലും താഴെയാണെന്നായിരുന്നു ഏവരും ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ഇതോടെ ബോക്‌സ് ഓഫീസിലും ചിത്രം കൂപ്പുകുത്തുകയായിരുന്നു.

ഇപ്പോഴിതാ റിലീസ് ചെയ്തത് മുതല്‍ ആദ്യത്തെ ഏഴ് ദിവസങ്ങളിലെ ചിത്രത്തിന്റെ കേരള ബോക്‌സ് ഓഫീസിലെ കളക്ഷനാണ് സിനിമാ പേജുകളില്‍ ശ്രദ്ധിക്കപ്പെടുന്നത്. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചതോടെ കളക്ഷന്‍ ഗ്രാഫ് കുത്തനെ വീഴുകയായിരുന്നു. റിലീസ് ചെയ്ത ആദ്യദിനം 2.26 കോടി നേടിയ ചിത്രത്തിന് ഓണം വെക്കേഷനായിരുന്നിട്ട് കൂടി രണ്ടാം ദിനത്തില്‍ 75 ലക്ഷം മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്.

ടോക്‌സിക്ക്. Photo: X.com

മൂന്നാം ദിനത്തിലേക്കെത്തുമ്പോള്‍ ഇത് പകുതിയിലും കുറഞ്ഞ് 31 ലക്ഷമാകുകയും നാലാം ദിനത്തില്‍ 22 ലക്ഷമായി വീഴുകയും ചെയ്തിരുന്നു. അതേ സമയം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചിത്രത്തിന് പത്ത് ലക്ഷത്തില്‍ താഴെ മാത്രമാണ് കളക്ഷന്‍ ലഭിച്ചിട്ടുള്ളത്. ഏഴാം ദിനത്തില്‍ 9 ലക്ഷത്തിലെത്തിയ ടോക്‌സിക്ക് കേരള ബോക്‌സ് ഓഫീസില്‍ അന്ത്യശ്വാസം വലിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും ടോക്‌സിക്കിന് ലഭിച്ചത് 3.96 കോടി രൂപയാണ്. നാളെ ഐ ആം ഗെയിം തിയേറ്ററുകളിലേക്കെത്താനിരിക്കെ ഇനി ഒരു മടങ്ങിവരവ് ടോക്‌സിക്കിന് സാധ്യമല്ല. മറ്റ് മാര്‍ക്കറ്റുകളിലും ചിത്രത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല.

Content Highlight: Toxic gets bad response and collection at Kerala box office

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more