അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി-20 മത്സരം ഇന്ന് (വെള്ളി) ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് നാല് വിക്കറ്റിനാണ് അഫ്ഗാന്‍ സിംഹങ്ങളെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ന് നടക്കുന്ന സീരീസ് ഡിസൈഡര്‍ അഫ്ഗാനിസ്ഥാന് ഏറെ നിര്‍ണായകമാണ്. എന്നാല്‍ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ബംഗ്ലാ കടുവകളുടെ മിന്നും താരമായ തൗഹിദ് ഹൃദോയി കളത്തിലിറങ്ങിയേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പനി കാരണം താരം രണ്ടാം മത്സരത്തിലും ലഭ്യമായേക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. മത്സരത്തില്‍ ഹൃദോയി കളിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നും താരം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘മത്സരത്തില്‍ അവന്‍ കളിക്കുമോ എന്നതില്‍ ഉറപ്പില്ല. അദ്ദേഹം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ട്, ഇപ്പോഴും അസുഖം മാറിയിട്ടില്ല. പക്ഷേ ഇന്നലത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഫിസിയോയും ബി.സി.ബിയുടെ മെഡിക്കല്‍ ഹെഡ് ആയ ദേബാഷിഷും അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്,’ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ക്രിക്ക് ബസിനോട് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലും കളത്തിലിറങ്ങാന്‍ ഹൃദോയിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മത്സരം വിജയിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചെങ്കിലും നിര്‍ണായക മത്സരത്തില്‍ ടോപ്പ് ഓര്‍ഡര്‍ താരത്തിന്റെ വിടവ് ബംഗ്ലാദേശിന് തിരിച്ചടിയാകും. മാത്രമല്ല ഇത് അഫ്ഗാനിസ്ഥാന് ആശ്വാസമാണെന്നതാണ് മറ്റൊരു കാര്യം.
ബംഗ്ലാദേശിന്റെ ഫിസിയോ ദേബാഷിഷ് ചൗധരിയും താരത്തെക്കുറിച്ച് സംസാരിച്ചു. മുമ്പത്തേക്കാള്‍ താരത്തിന് ഭേദമുണ്ടെന്നും പക്ഷെ പനി മാറിയാലും ബലഹീനത അനുഭവപ്പെടാമെന്നതിനാല്‍ രണ്ടാം മത്സരത്തിനും ഹൃദോയി എത്തിയേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അവനുമായി സംസാരിച്ചു, മുമ്പത്തേക്കാള്‍ അവന് ഭേദമുണ്ട്, എന്നാല്‍ പനി മാറിയാലും നിങ്ങള്‍ക്ക് ബലഹീനത അനുഭവപ്പെടാമെന്നും അങ്ങനെയാണെങ്കില്‍ അദ്ദേഹം രണ്ടാം ഗെയിമിന് എത്തിയേക്കില്ലെന്നും നിങ്ങള്‍ മനസിലാക്കണം,’ ദേബാഷിഷ് പറഞ്ഞു.
ബംഗ്ലാദേശിന് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 52 മത്സരങ്ങളിലെ 47 ഇന്നിങ്‌സില്‍ നിന്ന് 1048 റണ്‍സാണ് താരം അടിച്ചെടുത്തത്. 63 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 26.20 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. നാല് അര്‍ധ സെഞ്ച്വറികളാണ് താരം ഫോര്‍മാറ്റില്‍ നിന്ന് നേടിയത്.
Content Highlight: Towhid Hridoy Likely To Miss Second T-20 Match Against Afghanistan