| Tuesday, 27th January 2026, 10:19 am

ജസ്റ്റ് മിസ്...മമ്മൂക്കയോടൊപ്പം മത്സരിച്ചാണല്ലോ രണ്ടാം സ്ഥാനം എത്തിയതെന്ന് ധൈര്യത്തോടെ പറയാം: ടോവിനോ തോമസ്

നന്ദന എം.സി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടോവിനോ തോമസ്. അഭിനയ വൈവിധ്യവും ആത്മാർത്ഥതയും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ താരം, 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് നേടിയപ്പോൾ, ‘ARM’ എന്ന ചിത്രത്തിലെ അഭിനയത്തിന് ടോവിനോ തോമസിനും ‘കിഷ്കിന്ധ കാണ്ഡം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഈ അംഗീകാരം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ടോവിനോ.

ടോവിനോ തോമസ്, Photo: YouTube/ Screengrab

‘എനിക്കും ആസിഫിനും ധൈര്യത്തോടെ പറയാം ഇത് ജസ്റ്റ് മിസാണെന്ന്. മമ്മൂക്കയോടൊപ്പം മത്സരിച്ചാണെന്നത് തന്നെ വലിയ സന്തോഷമാണ്. മികച്ച അഭിനേതാക്കളുടെ കൂടെ നമ്മുടെ പേര് എഴുതപ്പെടുമ്പോൾ അത് വലിയ പ്രോത്സാഹനവും അംഗീകാരവുമാണ്. കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്യാൻ ഇതൊരു പ്രചോദനമാണ്,’ ടോവിനോ പറഞ്ഞു.

തന്റെ വിജയങ്ങൾക്ക് പിന്നിൽ എപ്പോഴും കൂടെയുണ്ടായിരുന്നവരോടും പ്രേക്ഷകരോടും താരം നന്ദി അറിയിച്ചു. ‘എന്റെ വിജയം കാണാൻ ആഗ്രഹിക്കുന്നവർ ചുറ്റുമുണ്ടായതുകൊണ്ടാണ് ഇത്തരത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകുന്നത്. അവരുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ അവാർഡ്,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ARM, Photo: IMDb

മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത് തങ്ങൾക്ക് വലിയ പ്രചോതനമെന്നും താരം പറഞ്ഞു. 2012 മുതൽ തന്റെ സിനിമാ യാത്രയുടെ ഭാഗമായ എല്ലാവർക്കും താരം നന്ദി പറയുകയും ‘ARM’ ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം നൽകിയതിന് സംവിധായകൻ ജിതിൻ ലാലിനെ അദ്ദേഹം പ്രത്യേകമായി പരാമർശിക്കുകയും ചെയ്തു. താരത്തിന്റെ ഈ വാക്കുകൾക്ക് പ്രേക്ഷകരിൽ നിന്നും വലിയ കൈയടിയാണ് ലഭിക്കുന്നത്.

അവാർഡ് വേദിയിൽ മമ്മൂട്ടി, ടോവിനോയെയും ആസിഫ് അലിയെയും കുറിച്ച് പറഞ്ഞ വാക്കുകളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ച ആസിഫ് അലിയും ടോവിനോ തോമസും ഒരു മില്ലിമീറ്റർ പോലും പിന്നിലല്ലായെന്നും സൗബിൻ ഷാഹിർ, ഷംന ഹംസ എന്നിവരടക്കം എല്ലാവരും അഭിനയത്തിലൂടെ അത്ഭുതപെടുത്തിയവർ ആണെന്നുമായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

‘ഫെമിനിച്ചി ഫാത്തിമ’ പോലുള്ള സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ എന്നും, അത്തരം സിനിമകൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രേക്ഷകരാണ് മലയാളികളെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Content Highlight: Tovino Thomas talks about the award he received

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more