| Wednesday, 20th August 2025, 6:43 am

എനിക്ക് പവറുണ്ടെങ്കില്‍ മലയാള സിനിമയില്‍ കൊണ്ടുവരിക ഈ മാറ്റം: മറുപടിയുമായി ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ പ്രിയങ്കരനായി മാറിയ യുവതാരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ താരമായി ടൊവിനോ മാറി.

ഇപ്പോള്‍ ഒരു പവറുണ്ടെങ്കില്‍ മലയാള സിനിമയില്‍ എന്ത് മാറ്റമായിരിക്കും കൊണ്ടുവരിക എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. ആദ്യകാലത്ത് സിനിമയില്‍ ഹോട്ടലുകളില്‍ നിന്നാണ് ആഹാരം വാങ്ങുകയെന്നും അതിന് മാറ്റം കൊണ്ടുവന്നത് പ്രേം നസീര്‍ ആണെന്നും ടൊവിനോ പറയുന്നു. രഞ്ജിനി ഹരിദാസിന്റെ ഗ്രീന്‍ റൂം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘പണ്ടത്തെ കാലത്ത് ഹോട്ടലില്‍ നിന്ന് ഫുഡ് വാങ്ങിക്കൊണ്ട് വന്ന് കഴിക്കുന്നത് ആയിരുന്നു പതിവ്. പക്ഷെ നസീര്‍ സാറിന്റെ കാലത്ത് ആണ്, മെസ് സിസ്റ്റം എന്ന പരുപാടി ആദ്യമായി മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. വളരെ ഫിസിക്കല്‍ എഫ്‌ഫോര്‍ട്ട് വേണ്ട ഒരു മേഖലയാണ് സിനിമ. അപ്പോള്‍ എല്ലാ ആളുകള്‍ക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക എന്നതിന് തുടക്കം കുറിച്ചത് നസീര്‍ സാര്‍ വന്നതിന് ശേഷമാണ്,’ ടൊവിനോ തോമസ് പറഞ്ഞു.

പ്രേം നസീര്‍ സിനിമക്ക് ചെയ്തതുപോലെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ തനിക്ക് പവര്‍ ഉണ്ടെങ്കില്‍ ചെയ്യുമെന്നും അദ്ദേഹം സിനിമക്കും അഭിനേതാക്കള്‍ക്കും ഒരുപോലെ ഗുണകരമായ കാര്യങ്ങളാണ് ചെയ്തിരുന്നതെന്നും ടൊവി കൂട്ടിച്ചേര്‍ത്തു. പ്രേം നസീര്‍ സിനിമയെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കണമെന്നും അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹമുണ്ടെന്നും ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas Talks About Prem Nazir

We use cookies to give you the best possible experience. Learn more