മലയാള സിനിമയുടെ വളര്‍ന്നു വരുന്ന അഭിനേതാക്കളില്‍ അടുത്ത സൂപ്പര്‍ താരമെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് നസ്‌ലെന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഗിരീഷ് എ.ഡി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ലിസ്റ്റില്‍ സ്ഥാനം നേടിയത്. ഗിരീഷ് എ.ഡിയുടെ തന്നെ പ്രേമലു, ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന, ഡൊമിനിക്ക് അരുണിന്റെ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങള്‍ നസ്‌ലെന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതില്‍ സഹായിച്ചിരുന്നു.
നസ്‌ലെന്‍. Photo: Doraemon Drawing
ഇപ്പോഴിതാ താരത്തെക്കുറിച്ച് സൂപ്പര്‍ താരം ടൊവിനോ തോമസ് ലോകഃയുടെ സംവിധായകന്‍ ഡൊമിനിക്ക് അരുണിനോട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തരംഗം എന്ന ഡൊമിനിക്കിന്റെ ആദ്യ ചിത്രത്തിന് ശേഷമാണ് നസ്‌ലെനെ നായകനാക്കി സിനിമ ചെയ്യാന്‍ ടൊവിനോ സംവിധായകനോട് നിര്‍ദേശിച്ചത്. അതിരടി എന്ന ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ ഭാഗമായി ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡൊമിനിക്കിന്റെ ആദ്യ ചിത്രമായ തരംഗത്തിന്റെ പരാജയത്തിന് ശേഷം അവന്‍ ഭയങ്കരമായി സ്ട്രഗിള്‍ ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് അത് വളരെ വിഷമം തോന്നിയ കാര്യമായിരുന്നു. കാരണം അവന്റെ പകുതി പോലും ടാലന്റഡ് അല്ലാത്ത ആളുകള്‍ സൂപ്പര്‍ സക്‌സസ്ഫുള്‍ ആയി നില്‍ക്കുമ്പോള്‍ അവനും വിജയിക്കണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടുത്തത് എന്ത് ചെയ്യാമെന്ന് ഞങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.
എന്നെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യാനല്ല ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. വേറെ എന്ത് പുതിയതായി ചെയ്യാം എന്നായിരുന്നു എപ്പോഴും ആലോചിച്ചത്. തണ്ണീര്‍ മത്തന്‍ മുതല്‍ നസ്‌ലെനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് മലയാള സിനിമയില്‍ അടുത്ത ബിഗ് തിങ് നസ്‌ലെന്‍ ആണ് എന്ന രീതിയില്‍ ഞാന്‍ ഡൊമിനിക്കിനോട് സംസാരിച്ചിരുന്നു. 2021ല്‍ ആണ് ഞാനിത് പറയുന്നത്. പ്രേമലുവെല്ലാം ഇറങ്ങുന്നതിന് മുമ്പ്. എന്റെ വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരമേയുള്ളൂ നസ്‌ലെന്റെ വീട്ടിലേക്ക്. പിന്നീടാണ് ലോകഃയുടെ ചര്‍ച്ചകളിലേക്ക് ഞങ്ങള്‍ കടക്കുന്നത്,’ടൊവിനോ പറഞ്ഞു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര . Photo: The Hindu
ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, റിയ ഷിബു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന അതിരടിയാണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മെയ് 14ന് റിലീസാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ്.
Content Highlight: Tovino thomas talks about Naslen K Gafoor