പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷങ്ങളിലൂടെയും നായകവേഷങ്ങളിലൂടെയും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള അഭിനേതാക്കളിലൊരാളാണ്. ഡിജോ ജോസ് ആന്‍ണി സംവിധാനം ചെയ്ത് നാളെ (ചൊവ്വ) തിയേറ്ററുകളിലെത്തുന്ന പള്ളിച്ചട്ടമ്പിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ചിത്രവുമായി ബന്ധപ്പെട്ട് യൂട്യൂബറായ സുജിത്ത് ഭക്തനുമായി നടത്തിയ പോഡ്കാസ്റ്റില്‍ ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ എങ്ങനെയാണ് സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതെന്നും നല്ല സുഹൃത്തുക്കളെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് എന്നുമുളള സുജിത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ടൊവിനോ തോമസ്. Photo: News 18
‘എന്റെ അടുത്തേക്ക് സൗഹൃദത്തിനായി വരുന്നവരെ ഞാന്‍ ഫില്‍ട്ടര്‍ ചെയ്യാറില്ല. കാരണം എന്റെ അടുത്തേക്ക് സൗഹൃദത്തിന് വരുന്നവര്‍ക്ക് ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അതെന്റെ തെറ്റല്ലല്ലോ. എനിക്കതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ കഴിയില്ലല്ലോ അവരങ്ങനെ ഉണ്ടായി വരുന്നതല്ലേ. നമ്മള്‍ ഒരു പ്രത്യേക ഉദ്ദേശം വെച്ച് ഒരാളെ സുഹൃത്താക്കിയാല്‍ അത് ഒരു സൗഹൃദമല്ല.
സിനിമയില്‍ വന്നതിന് ശേഷം എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അവര്‍ എന്റെ കൈയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നല്ല. അതുകൊണ്ട് വരുന്ന ആളുകളെ ഇന്റര്‍വ്യൂ നടത്തി സുഹൃത്തുക്കളാക്കാന്‍ സാധിക്കില്ലല്ലോ. എന്നിരുന്നാലും ചില ആളുകളില്‍ നിന്നും പണി കിട്ടിയിട്ടുണ്ട്. പക്ഷേ അതെന്റെ തെറ്റല്ല. വീണ്ടും അയാളെന്നെ പറ്റിച്ചാല്‍ അതെന്റെ തെറ്റാണെന്ന് പറയാം.
എനിക്ക് ഒരു മൂന്ന് നാല് പേര്‍ ബെസ്റ്റ് ഫ്രണ്ട്‌സായിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ എനിക്ക് നേരെ വെടിവെച്ചാല്‍ എനിക്ക് വേണ്ടി ചാടി വീഴുന്ന അല്ലെങ്കില്‍ തിരിച്ച് ഞാനും അങ്ങനെ ചെയ്യുമെന്നുറപ്പുള്ള സൗഹൃദങ്ങളുണ്ട്. മൂന്ന് വയസ് മുതലെല്ലാം തുടങ്ങിയ സൗഹൃദമാണ്. എനിക്കിപ്പോള്‍ 37 വയസായി 34 വര്‍ഷത്തെ കാര്യമാണിത്,’ടൊവിനോ പറഞ്ഞു.
പള്ളിച്ചട്ടമ്പി. Photo: Ott Play
ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ടൊവിനോക്ക് പുറമെ കയാദു ലോഹാര്‍, ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. തിയേറ്ററില്‍ മികച്ച പ്രദര്‍ശനം തുടരുന്ന വാഴ 2വിനും മോഹിനിയാട്ടത്തിനും നാളെ തന്നെ റിലീസ് ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിലിനും ഭീഷണിയായാണ് പള്ളിച്ചട്ടമ്പി പുറത്തിറങ്ങുന്നത്.
Content Highlight: Tovino Thomas talks about his friends and friendship