മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് ടൊവിനോ തോമസ്. 2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയും സഹതാരമായും സിനിമയില്‍ സജീവമാകുകയും ചെയ്ത താരം ഇന്ന് മലയാളത്തിലെ മാര്‍ക്കറ്റ് വാല്യൂവുള്ള നായകനടന്മാരിലൊരാളാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം, എമ്പുരാന്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്.
ടൊവിനോ തോമസ്. Photo: The Statesman
കാര്‍ത്തിക് സൂര്യ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന് ടൊവിനോ നല്‍കിയ പഴയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹമാധ്യമത്തില്‍ ഒരു ഫേക്ക് അക്കൗണ്ട് തുടങ്ങിയതിനെ കുറിച്ചും അതില്‍ നിന്നുമുണ്ടായ അനുഭവത്തെ കുറിച്ചുമാണ് ടൊവിനോ അഭിമുഖത്തില്‍ സംസാരിച്ചത്.
‘ഞാന്‍ ഒരു ഫേക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. അവസാനം അതിട്ട് ഓടേണ്ട അവസ്ഥയായിരുന്നു എനിക്ക്. ഒന്നും ഉണ്ടായിരുന്നില്ല, ഒരു പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ടായിരുന്നു. പക്ഷേ ഒരു പെണ്‍കുട്ടിയുടെ പേരാണ് ഇട്ടത്. അതിനകത്ത് രാത്രി വരുന്ന മെസേജുകള്‍ കണ്ടിട്ട് ഞാനതിട്ട് ഓടി. ഒരു ഫേക്ക് അക്കൗണ്ടിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒന്നാലോചിച്ച് നോക്കിക്കേ പെണ്‍കുട്ടികളുടെ അക്കൗണ്ടിന്റെ അവസ്ഥ എന്തായിരിക്കുമെന്ന്.
രാത്രിയായാല്‍ പല പ്രായത്തിലുള്ള ആള്‍ക്കാര്‍ വരും. അക്കൗണ്ട് ക്രെഡിബിള്‍ ആണെന്ന് തോന്നാന്‍ വേണ്ടി ഞാന്‍ അതില്‍ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളെല്ലാം ആക്‌സെപ്റ്റ് ചെയ്യുമായിരുന്നു. ഒരു പെണ്‍കുട്ടി ഫ്രണ്ട് റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്താല്‍ തത്പര കക്ഷിയാണെന്ന മനോഭാവമാണ് എല്ലാവര്‍ക്കും. എങ്ങനെ എന്നെ അറിയാം എന്ന് ചോദിച്ചാണ് ഓരോരുത്തരും വരുന്നത്,’ ടൊവിനോ പറഞ്ഞു.
ബാലന്‍ ദി ബോയ്. Photo: District
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലനില്‍ പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതെങ്കിലും ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ആവേശം സിനിമയുടെ സംവിധായകനായ ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
Content Highlight: Tovino Thomas talks about his experience by creating a fake account in a girl’s name