| Wednesday, 6th May 2026, 8:00 pm

ഞാന്‍ പറയുന്ന തമാശ അവര്‍ക്ക് വീണ്ടും പറഞ്ഞ് മനസിലാക്കി നല്‍കേണ്ടതില്ല; വിനീതും ബേസിലുമായുള്ള ബന്ധത്തെക്കുറിച്ച് ടൊവിനോ തോമസ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ആക്ടര്‍-ഡയറക്ടര്‍ കോംബോയാണ് ടൊവിനോ തോമസ്-ബേസില്‍ ജോസഫ്. ബേസില്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ രണ്ടിലും നായകനായത് ടൊവിനോയായിരുന്നു. രണ്ടും ടൊവിനോയുടെ കരിയറിലെ തന്നെ വിജയങ്ങളായി മാറുകയും ചെയ്തിരുന്നു. മിന്നല്‍ മുരളിയിലൂടെ സൂപ്പര്‍ ഹീറോ ചിത്രമാണ് ഇരുവരും സമ്മാനിച്ചതെങ്കില്‍ ഗോദയിലൂടെ സ്‌പോര്‍ട് ആക്ഷന്‍ ഴോണറായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത് അഭിനയത്തിലാണ് ബേസില്‍ ജോസഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊന്മാനടക്കം അഭിനയപ്രാധാന്യമുള്ള പല ചിത്രങ്ങളുടെയും ഭാഗമായ ബേസില്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന അതിരടി. മെയ് 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബേസിലും വിനീതുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞ ടൊവിനോയുടെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

അതിരടി. Photo: The Hindu

‘എപ്പോഴും ഞാനും ബേസിലും തുടര്‍ച്ചയായി വര്‍ക്ക് ചെയ്യാറുണ്ട്. ഞാന്‍ ആരുമായും ഫോണില്‍ അധികനേരം സംസാരിക്കാറില്ല. കൂടിപ്പോയാല്‍ അഞ്ചോ പത്തോ മിനിട്ട് മാത്രമാണ് സംസാരിക്കാറുള്ളത്. എന്നാല്‍ ബേസിലുമായി ഞാന്‍ മണിക്കൂറുകള്‍ സംസാരിക്കും. കാരണം അവന് ഞാന്‍ പറയുന്ന ഒരു തമാശ വീണ്ടും എക്‌സ്‌പ്ലെയിന്‍ ചെയ്ത് നല്‍കേണ്ടി വരാറില്ല. ഞങ്ങള്‍ തമ്മില്‍ പറയുന്ന പല തമാശകളും പബ്ലിക്കായി പറഞ്ഞാല്‍ ആളുകള്‍ ജഡ്ജ് ചെയ്യും. പക്ഷേ ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു ജഡ്ജ്‌മെന്റ് ഉണ്ടാവില്ല.

ഒരു ഗ്രൂപ്പില്‍ തമാശ പറഞ്ഞ് അത് വീണ്ടും എക്‌സ്‌പ്ലെയിന്‍ ചെയ്ത് നല്‍കുന്നത് പോലെ മോശം കാര്യം മറ്റൊന്നുമില്ല. ബേസിലിനെ പോലെയാണ് വിനീതേട്ടനും. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ എല്ലാവരും വീണ്ടും വീണ്ടും ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത്. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ എക്‌സ്‌പ്ലെയിന്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് പോലെ തന്നെയാണ് അതിരടിയുടെ സംവിധായകന്‍ അരുണ്‍ അനിരുദ്ധനും. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ എനിക്ക് അവനില്‍ ഫുള്‍ കോണ്‍ഫിഡന്‍സ് ലഭിച്ചു. പലപ്പോഴും ഇവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സംസാരിക്കേണ്ട ആവശ്യമില്ല. ഒരു നോട്ടം തന്നെ ധാരാളമാണ്,’ടൊവിനോ പറഞ്ഞു.

അതിരടി. Photo: District

ബേസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന അതിരടി അനൗണ്‍സ്മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. റിയ ഷിബുവാണ് ചിത്രത്തിലെ നായിക. ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ബേസിലിന്റെ ലുക്കിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Content Highlight: Tovino Thomas talks about his connection with Vineeth sreenivasan and Basil Joseph

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more