കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അഭിനേതാവാണ് ടൊവിനോ തോമസ്. വില്ലനായി സിനിയില്‍ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഒട്ടനവധി കൊമേഷ്യല്‍ ചിത്രങ്ങളുടെ ഭാഗമായും ടൊവിനോ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എ.ആര്‍.എം, മിന്നല്‍ മുരളി, 2018, അതിരടി, തല്ലുമാല തുടങ്ങിയ വമ്പന്‍ സ്‌കെയിലില്‍ നിര്‍മിച്ച ചിത്രങ്ങള്‍ക്കൊപ്പം തന്നെ കഥാപ്രാധാന്യമുള്ള ഒട്ടനവധി ചിത്രങ്ങളിലും വലിയ വേഷമെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ ടൊവിനോ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്.
ടൊവിനോ തോമസ്. Photo: Times Now
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ കുറഞ്ഞ നേരത്തേക്കെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷവുമായാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കരിയറില്‍ പല തരത്തിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്നതിനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാലനുമായി ബന്ധപ്പെട്ട് അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പല കഥാപാത്രങ്ങളെയും എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള അവസരം എല്ലാവര്‍ക്കും കിട്ടണമെന്നില്ല. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ ഞാന്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. അതില്‍ നിന്നും എനിക്ക് കിട്ടുന്ന സാറ്റിസ്ഫാക്ഷന്‍ വളരെ വലുതാണ്. കൊമേഷ്യല്‍ സക്‌സസ് വലിയ ഒരു സമാധാനമാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ നമുക്ക് സമാധാനമായിട്ട് ഇരിക്കാം. അതിനപ്പുറത്തേക്ക് ഒരു ഹൈ നമുക്ക് കിട്ടുന്നത് ഇത്തരം കഥാപാത്രങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയും അത് കാണുന്ന ആളുകള്‍ നമ്മളെ അഭിനന്ദിക്കുകയും ചെയ്യുന്നത് കാണുമ്പോഴാണ്.
ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഭയങ്കര റിസ്‌കിയാണ്. കാരണം ചെയ്ത് നോക്കിയാല്‍ മാത്രമേ അത് നന്നാകുമോ പാളി പോകുമോ എന്ന് മനസിലാകുകയുള്ളൂ. ചീത്തയാകുമോ എന്ന് കരുതി ചെയ്യാതിരിക്കുന്നതിനെക്കാള്‍ ചെയ്ത് നോക്കിയിട്ട് ചീത്തയായെങ്കില്‍ ചീത്തയായി എന്നാണ് ഞാന്‍ വിചാരിക്കാറുള്ളത്. നന്നായാല്‍ വളരെ സന്തോഷം. ആ ഒരു ധൈര്യം എനിക്ക് പല പോയന്റിലും വന്നിട്ടുണ്ട്.
ബാലന്‍. Photo: District
എനിക്കെന്തെല്ലാം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ആരും പറഞ്ഞ് തന്നിട്ടില്ല. അത് ഞാന്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത് കണ്ടുപിടിച്ചതാണ്. ഈ സിനിമയില്‍ നോക്കുകയാണെങ്കിലും എന്നെ വെച്ചിട്ടല്ല ബാലന്‍ പ്രൊമോട്ട് ചെയ്തിരിക്കുന്നത്. എന്റെ സ്റ്റാര്‍ഡത്തെ ഒട്ടും ആവശ്യമില്ലാത്ത സിനിമയാണിത്. ആ സിനിമയിലേക്ക് എന്നെ ഇവര്‍ വിളിക്കുന്നത് എന്നിലെ ആക്ടറിനെ കണ്ടതുകൊണ്ടാണ്. അത്തരം കഥാപാത്രങ്ങള്‍ക്കും ഞാന്‍ റെഡിയാണ് എന്ന് അവര്‍ക്ക് മനസിലാകണമെങ്കില്‍ ഞാനത് സിനിമകളിലൂടെ ചെയ്യണം,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas talks about his character selection