| Tuesday, 7th April 2026, 9:42 pm

ചാത്തനാവാന്‍ ഞാന്‍ വന്ന് സറണ്ടര്‍ ചെയ്യും ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണമെന്നാണ് ഡൊമിനിക്കിനോട് പറഞ്ഞത്: ടൊവിനോ തോമസ്

അശ്വിന്‍ രാജേന്ദ്രന്‍

2025ല്‍ മലയാളി പ്രേക്ഷകരെ ഒന്നടങ്കം കോരിത്തരിപ്പിക്കുകയും അഭിമാനം കൊള്ളിക്കുക്കയും ചെയ്ത ചിത്രമായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്ല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ നിര്‍മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും മികച്ച സൂപ്പര്‍ ഹീറോ ചിത്രങ്ങളിലൊന്നായിരുന്നു. കല്ല്യാണി പ്രിയദര്‍ശനൊപ്പം ടൊവിനോയും ദുല്‍ഖറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: X.com

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയില്‍ ചാത്തനായിട്ടായിരുന്നു ടൊവിനോ തോമസ് വേഷമിട്ടത്. താരത്തിന്റെ കരിയറില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത ലുക്കിനും പ്രകടനത്തിനുമായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ടൊവിനോയുടെ വരാനിരിക്കുന്ന പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ചാത്തനെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് ടൊവിനോ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘വളരെ ട്രിക്കി ആയിട്ടുള്ള കഥാപാത്രമായിരുന്നു ലോകയിലെ ചാത്തന്റെത്. കാരണം അത് ഓവര്‍ ദ ടോപ്പ് നില്‍ക്കുന്ന ക്യാരക്ടറാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ട്രാക്കില്‍ നിന്ന് തെന്നിമാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അവതരിപ്പിക്കാന്‍ വളരെ അപകടം പിടിച്ച കഥാപാത്രമാണത്. പക്ഷേ അത് ചെയ്യാന്‍ കാരണം എനിക്കും അരുണ്‍ ഡൊമിനിക്കിനുമുള്ള പരസ്പര വിശ്വാസമാണ്.

തിരക്കഥയെല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷത്തിലായിരുന്നു. പിന്നീടാണ് എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന് ആലോചിച്ചത്. അരുണിനെ വിളിച്ച് സഹായം ചോദിച്ചപ്പോള്‍ ജിം കാരിയുടെ റെഫറന്‍സെല്ലാമാണ് തന്നത്. അതൊന്നും പ്രതീക്ഷിക്കല്ലേ, ടൊവിനോ തോമസാണ് നിന്റെ കൈയിലുള്ളതെന്നാണ് ഞാന്‍ പറഞ്ഞത്.

എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞാന്‍ വന്ന് സറണ്ടര്‍ ചെയ്ത് തരാം പെര്‍ഫോം ചെയ്യിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ പറഞ്ഞു. എപ്പോഴും പരസ്പരം തമാശ പറഞ്ഞിരിക്കുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. ആ ബോണ്ട് എന്റെ പെര്‍ഫോമന്‍സിനെ സഹായിച്ചെന്നാണ് ഞാന്‍ കരുതുന്നത്,’ടൊവിനോ പറഞ്ഞു.

പള്ളിച്ചട്ടമ്പി. Photo: The Hindu

ടൊവിനോക്കൊപ്പം കയാദു ലോഹാറും ബാബുരാജും വിജയരാഘവനും പ്രധാനവേഷത്തിലെത്തി ഡിജോ ജോസ് ആന്‍ണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി ഏപ്രില്‍ 10നാണ് റിലീസിനെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Content Highlight: Tovino Thomas talks about His character in Lokah

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more