| Saturday, 11th April 2026, 9:46 am

അപ്പന്‍ ഷൂട്ടിന് പോകണ്ട എന്ന് കൊച്ച് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു, നിന്റെ അഭിനയം കണ്ടിട്ടായിരിക്കുമെന്ന് ലാല്‍ സാര്‍: ടൊവിനോ

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് ടൊവിനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ വില്ലനായും നായകനായും നിരവധി മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വാഴ 2വും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹിനിയാട്ടവും അടക്കിവാഴുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് വിഷു റിലീസായെത്തുകയാണ് താരം പ്രധാനവേഷത്തിലെത്തുന്ന പള്ളിച്ചട്ടമ്പി.

ലാല്‍ . Photo: Manorama Online

പീരിയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ടൊവിനോ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകനായും മലയാളത്തിലെ മുന്‍നിര അഭിനേതാവുമായ ലാലുമായി ബന്ധപ്പെട്ട അനുഭവമാണ് ടൊവിനോ പങ്കുവെച്ചത്.

‘സംവിധായകനും അഭിനേതാവുമായ ലാല്‍ സാറും ഞാനും നല്ല സുഹൃത്തുക്കളാണ്. ഒരു ദിവസം സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു വീട്ടില്‍ ജീനിന്റെ (മകന്‍) കൊച്ച് വന്നതില്‍ പിന്നെ എനിക്ക് ഷൂട്ടിന് ഒന്നും പോകാന്‍ തോന്നാറില്ല. അവനെയും കളിപ്പിച്ച് അവിടെ ഇരിക്കാനാണ് ഇഷ്ടം എന്ന്. അങ്ങനെ പുള്ളി വീട്ടിലെ സെന്റിമെന്റ്‌സ് പറഞ്ഞപ്പോള്‍ നമുക്കും ഉണ്ടല്ലോ രണ്ട് മൂന്ന് വയസില്‍ ഒരു കൊച്ച്. എന്റെ കൈയിലും ഒരു ഐറ്റം ഉണ്ടെന്ന് പറഞ്ഞ് ഞാന്‍ എന്റെ കഥ പറയാന്‍ തുടങ്ങി.

ഞാന്‍ പറഞ്ഞു, ശരിയാ വീട്ടിലും കൊച്ച് ചെറുതാ ഇപ്പോള്‍ ചെറുതായിട്ട് സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. രാത്രി ഷൂട്ട് കഴിഞ്ഞ് കാബ് എടുത്ത് വീട്ടില്‍ എത്തുമ്പോള്‍ അവള്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാകും. രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ആകും എഴുന്നേല്‍ക്കുക. എന്നിട്ട് അവള്‍ എന്നോട് പറയും അപ്പന്‍ ഷൂട്ടിന് ഒന്നും പോകാതെ വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന്. ഇതെല്ലാം വളരെ ഇമോഷണലായി കണ്ണെല്ലാം നിറഞ്ഞിട്ടാണ് ഞാന്‍ ലാല്‍ സാറിനോട് പറയുന്നത്. അത് കേട്ടിട്ട് അദ്ദേഹം പറഞ്ഞത് അവള്‍ നിന്റെ വല്ല പടവും കണ്ടിട്ടുണ്ടാകും ഷൂട്ടിന് പോകണ്ട എന്ന് പറഞ്ഞത് അതുകൊണ്ടായിരിക്കും എന്നാണ്,’ ടൊവിനോ പറഞ്ഞു.

പളളിച്ചട്ടമ്പി. Photo: Ott Play

ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പളളിച്ചട്ടമ്പി ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ റിലീസാകുന്നത്. ടൊവിനോക്ക് പുറമെ കയാദു ലോഹാര്‍, ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജേക്ക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ontent Highlight:  Tovino Thomas shares dis memory about actor director Lal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more