| Tuesday, 31st March 2026, 8:17 pm

എന്നെ കാത്ത് മലയാളത്തില്‍ നിരവധി പ്രൊജക്ടുകളുള്ളപ്പോള്‍ തെലുങ്ക് സിനിമക്ക് വേണ്ടി ഒരു വര്‍ഷത്തോളം മാറ്റിവെക്കാന്‍ പറ്റില്ല: ടൊവിനോ തോമസ്

അമര്‍നാഥ് എം.

മിന്നല്‍ മുരളിയിലൂടെ ലഭിച്ച പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം കൃത്യമായി ഉപയോഗിക്കാനൊരുങ്ങിയിരിക്കുകയാണ് ടൊവിനോ തോമസ്. തുടര്‍ച്ചയായി വമ്പന്‍ സിനിമകളുടെ ഭാഗമായിക്കൊണ്ട് പ്രേക്ഷകശ്രദ്ധ നേടുന്ന ടൊവിനോയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്യഭാഷയിലും വലിയ പ്രൊജക്ടുകള്‍ താരം കമ്മിറ്റ് ചെയ്‌തെന്ന് അടുത്തിടെ റൂമറുകള്‍ ഉയര്‍ന്നിരുന്നു.

എന്‍.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ഡ്രാഗണില്‍ ടൊവിനോ വില്ലന്‍ വേഷം ചെയ്യുന്നെന്ന് സിനിമാപേജുകളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. അടുത്തിടെ ടൊവിനോ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോ വൈറലായതോടെ ഈ റൂമറുകള്‍ക്ക് ബലംവെച്ചു.

എന്നാല്‍ ഇപ്പോഴിതാ താന്‍ ഡ്രാഗണിന്റെ ഭാഗമാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. ഹൈദരാബാദില്‍ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തില്‍ മാത്രം ശ്രദ്ധ നല്‍കാതെ അന്യഭാഷയില്‍ ഭാഗമാകാന്‍ താത്പര്യമില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മലയാളത്തില്‍ തനിക്ക് ഒരുപാട് പ്രൊജക്ടുകളുണ്ടെന്ന് ടൊവിനോ പറഞ്ഞു.

‘ഒരേ സമയം ഒന്നിലധികം സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് സാധിക്കില്ല. ഒരു സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഞാന്‍ അടുത്തതിലേക്ക് കടക്കാറുള്ളൂ. മലയാളത്തില്‍ സാധാരണയായി ഒറ്റ ഷെഡ്യൂളില്‍ സിനിമ ചെയ്ത് തീര്‍ക്കലാണ് പതിവ്. പക്ഷേ, തെലുങ്കില്‍ ഒരു സിനിമ ചെയ്ത് തീര്‍ക്കാന്‍ മിനിമം ഒരുവര്‍ഷമെങ്കിലും എടുക്കും.

ടൊവിനോ തോമസ് Photo: Screen grab/ Shreyas Media

അതും ഒറ്റ ഷെഡ്യൂളായിട്ടല്ല ചെയ്യുന്നത്. മൂന്ന് മാസം നാല് മാസം ഗ്യാപ്പിലാണ് പല ഷെഡ്യൂളും. ആ സമയത്തൊക്കെ എന്റെ ഡേറ്റ് കാത്തുകൊണ്ട് മലയാളത്തില്‍ മറ്റ് സിനിമാക്കാര്‍ വെയിറ്റ് ചെയ്യുന്നുണ്ടാകും. അതുകൊണ്ടാണ് ഞാന്‍ സ്‌ട്രെയ്റ്റ് തെലുങ്ക് സിനിമകള്‍ കമ്മിറ്റ് ചെയ്യാത്തത്. മൂന്ന് മാസം വരെ ഒരു സിനിമക്ക് വേണ്ടി കൊടുക്കാം. ഒരു വര്‍ഷമൊന്നും എന്നെക്കൊണ്ട് പറ്റില്ല,’ ടൊവിനോ പറയുന്നു.

ഡ്രാഗണില്‍ അഭിനയിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ലെന്നും അതിന്റെ കാരണം താന്‍ നേരത്തെ വ്യക്തമാക്കിയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ടൊവിനോ തോമസും ബിജു മേനോനും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ടെന്ന് പൃഥ്വിരാജായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. ടൊവിനോ ഡ്രാഗണില്‍ നിന്ന് പിന്മാറിയത് നന്നായെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു.

അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും പകുതി ഷൂട്ട് പോലും തീര്‍ക്കാത്ത ചിത്രമാണ് ഡ്രാഗണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത് പലകുറി സ്‌ക്രിപ്റ്റ് തിരുത്തുന്ന സ്വഭാവമാണ് പ്രശാന്ത് നീലിന്റേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിനായി ശരീരഭാരം കുറച്ച ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Content Highlight: Tovino Thomas reveals that he is not part of Dragon movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more