2022-ൽ വിപിൻ ദാസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ കോമഡി ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ഗാർഹിക പീഡനം അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്.
ചിത്രത്തിൽ ജയ എന്ന കഥാപാത്രമായെത്തിയ ദർശന, തന്റെ ഭർത്താവായ ജയേഷ് (ബേസിൽ ജോസഫ്) നടത്തുന്ന പീഡനങ്ങളെ കരാട്ടെ പഠിച്ച് നേരിടുന്ന രംഗങ്ങൾക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സീനുകളായിരുന്നു അവ.
ജോസഫ്. ടോവിനോ തോമസ്. Photo. The Times Of India
ഈ ചിത്രത്തിലെ പ്രകടനത്തിന് മഴവിൽ എന്റർടൈൻമെന്റ് അവാർഡ് വേദിയിൽ വെച്ച് മികച്ച എന്റർടെയ്നർ പുരസ്‌കാരം ദർശനക്ക് ലഭിച്ച വേളയിൽ ബേസിൽ ജോസഫിന് ദർശനയുടെ കയ്യിൽ നിന്ന് അടി കിട്ടിയതിനെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ടൊവിനോ തോമസ്.
ചിത്രത്തിൽ ദർശന ബേസിലിനെ തല്ലുന്ന രംഗങ്ങൾ കാണാൻ വേണ്ടി മാത്രം താൻ 12 തവണയാണ് ആ സിനിമ കണ്ടതെന്ന് ടൊവിനോ തമാശയായി പറഞ്ഞു. ബേസിൽ ജോസഫിന് ദർശനയുടെ കയ്യിൽ നിന്ന് അടികിട്ടുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക സന്തോഷമാണ് തന്നെയൊരിക്കൽക്കൂടി സിനിമ കാണാൻ പ്രേരിപ്പിച്ചതെന്നും താരം തമാശയായി പറഞ്ഞു.
‘ജയ ജയ ജയ ജയ ഹേ എന്ന സിനിമ ഞാൻ ഒരു 12 തവണയെങ്കിലും കണ്ടിട്ടുണ്ടാവും. സിനിമ മുഴുവനായിട്ടൊന്നുമല്ല, ദർശന ബേസിലിന്റെ പല്ല് ഇടിച്ചുപൊഴിക്കുന്ന ആ സീൻ മാത്രമാണ് ഞാൻ അത്രയും പ്രാവശ്യം റിപ്പീറ്റ് അടിച്ച് കണ്ടിട്ടുണ്ടാവുക. അപ്പോൾ ആ ഒരു കാര്യത്തിനു വേണ്ടി മാത്രം കരാട്ടെയും കുങ്ഫുവും ഒക്കെ പഠിച്ചതിനാണ് ദർശനയ്ക്ക് ഇപ്പോൾ ഈ അവാർഡ് കിട്ടിയത്.
എനിക്ക് എന്തായാലും അങ്ങനെ ചെയ്യാൻ കഴിയില്ലല്ലോ അവൻ ഒരു സുഹൃത്തും സംവിധായകനൊക്കെ ആയിട്ടല്ലേ എന്റെ കൂടെ നടന്നിരുന്നത്, എന്നാൽ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്. ഇവൻ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ആദ്യം അടി കൊണ്ടപ്പോഴുള്ള ഫോട്ടോയൊക്കെ എനിക്ക് അയച്ചുതന്നിട്ടുണ്ടായിരുന്നു.
ജയ ജയ ജയ ജയ ഹേ സിനിമയെക്കുറിച്ച് ഡിസ്കഷൻ നടക്കുന്ന സമയത്ത് ഞങ്ങൾ ഒക്കെ ഒരുമിച്ചുണ്ടായിരുന്നു. അന്ന് ഷൂട്ട് കഴിഞ്ഞ് എനിക്ക് ഇടയ്ക്കിടയ്ക്ക് വോയ്‌സ് മെസ്സേജ് വരുമായിരുന്നു, ദർശനയുടെ കയ്യിൽ നിന്നും മുഖത്ത് അടി കിട്ടി, ചുണ്ട് പൊട്ടി, സ്റ്റിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞ്. അത് കേട്ട് ഞാൻ അവനെ ആശ്വസിപ്പിക്കുമെങ്കിലും ഉള്ളിന്റെയുള്ളിൽ വളരെ സന്തോഷിച്ച സമയമായിരുന്നു അത്. കാരണം അവൻ എന്നെക്കൊണ്ട് അത്രയും പണിയെടുപ്പിച്ചിട്ടുണ്ട്,’ ടൊവിനോ തമാശയായി പറഞ്ഞു.
ജയ ജയ ജയ ജയ ഹേ. Photo. Jio Hotstar