പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഏപ്രിലില്‍ റിലീസിനെത്തുന്ന പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോയാണ് പ്രധാനവേഷത്തിലെത്തുന്നത്.
സിനിമയുടേതായി ആദ്യം പുറത്ത് വന്ന കാട്ടുചെമ്പകം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, ഡിജോ പള്ളിച്ചട്ടമ്പിയുടെ സിക്രിപ്റ്റുമായി വന്നപ്പോള്‍ യെസ് പറയാനുള്ള കാരണമെന്തായിരുന്നുവെന്ന് ടൊവിനോ പറയുന്നു. പേര്‍ളി മാണിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഇത് കുറച്ചധികം നാള്‍ മുമ്പ് കേട്ട സ്‌ക്രിപ്റ്റ് ആണ്. 2018 അവസാനത്തിലാണ് ഞങ്ങള്‍ ഈ സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യുന്നത്. അന്ന് ഡേറ്റ് ക്ലാഷ് കാരണം ഞാന്‍ പറഞ്ഞത് ഇത് ഉടനെ ചെയ്യാന്‍ പറ്റില്ല, കഥ കേട്ടിട്ട് കാര്യമുണ്ടാകില്ല എന്നാണ്. അപ്പൊ ഡിജോ പറഞ്ഞു ചെയ്യണ്ട ജസ്റ്റ് ഒന്ന് കഥ കേള്‍ക്കു എന്ന്,
അങ്ങനെ ഡിജോയും ഇതിന്റെ എഴുത്തുകാരന്‍ സുരേഷേട്ടനും കൂടി കഥ എനിക്ക് ബ്രീഫ് ചെയ്ത് തന്നു.
അപ്പോള്‍ അതില്‍ എനിക്കൊരു വളരെ എക്‌സൈറ്റിങ്ങായ എലമെന്റ്് ഫീല്‍ ചെയ്തു. ആ എക്‌സൈറ്റിങ്ങായ ആയ എലമെന്റ് കീപ്പ് ചെയ്തുകൊണ്ട് ഇത്രയും വര്‍ഷങ്ങളില്‍ ഡിജോ പുതിയ ഡ്രാഫ്റ്റുകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ എക്‌സൈറ്റിങ് ഫാക്ടര്‍ ഇപ്പോഴും ഇതില്‍ നിലനിന്നത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സിനിമ ചെയ്യണം എന്ന് നമ്മള്‍ തീരുമാനിച്ചത്,’ ടൊവിനോ തോമസിന്റെ വാക്കുകള്‍.
1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക് അനൗണ്‍സ്മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു. വലിയ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ കയാദു ലോഹര്‍, വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ടി.ജി.രവി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളിച്ചട്ടമ്പി നിര്‍മ്മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗാണ്.
Content Highlight: Tovino Thomas on being ready to do the movie Pallichattambi