| Saturday, 20th June 2026, 1:13 pm

അവനെ ഞാൻ റെക്കമന്റ് ചെയ്തതല്ല, സ്വന്തം റിസ്കിൽ ചെയ്തോളാൻ പറഞ്ഞു വിട്ടതാണ്: ടൊവിനോ തോമസ്

കെ.എസ് ഷാബിന

അരുൺ അനിരുദ്ധന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് ‘അതിരടി’. ബേസിൽ ജോസഫ് ആദ്യമായി നിർമാണം നിർവഹിച്ച ഈ ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. തിയേറ്റർ വിജയത്തിന് ശേഷം ചിത്രം ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിംഗ് ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിലെ ടൊവിനോയുടെ ‘തൊട്ട കുട്ടൻ’ എന്ന വില്ലൻ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയുടെ അവസാനം ടൊവിനോയുടെ കുട്ടിക്കാലം കാണിക്കുന്ന ‘അമ്മപ്പുതപ്പെ’ എന്ന ഗാനരംഗത്തിൽ ടൊവിനോയുടെ മകൻ തഹാൻ തോമസ് ആണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ചെറുപ്പകാലം അഭിനയിക്കാൻ മകൻ തഹാൻ എങ്ങനെയെത്തി എന്ന് തുറന്നുപറയുകയാണ് താരം. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഈ വിശേഷങ്ങൾ പങ്കുവെച്ചത്.

അതിരടി.Photo:Screengarb

തന്റെ മകനെ സിനിമയിലേക്ക് ഒരിക്കലും താൻ റെക്കമന്റ് ചെയ്യില്ല എന്നും ‘അതിരടി’ എന്ന ചിത്രത്തിലേക്ക് അവനെ താൻ ശുപാർശ ചെയ്തതും അല്ല എന്ന് ടോവിനോ പറയുന്നു. സിനിമയിൽ തന്റെ കുട്ടിക്കാലം ചെയ്യാൻ തന്റെ മുഖഛായയുള്ള ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോൾ അണിയറപ്രവർത്തകർ ഇങ്ങോട്ട് വന്ന് ചോദിക്കുകയായിരുന്നു എന്നും ടൊവിനോ കൂട്ടിച്ചേർത്തു.

‘ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ ശേഷം എഡിറ്റർ ചമൻ ചാക്കോയാണ് അവിടെ അങ്ങനെയൊരു കട്ട് കൂടി വന്നാൽ നന്നായിരിക്കുമെന്ന് പറഞ്ഞത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു, ‘എനിക്ക് അറിയില്ല അവൻ അഭിനയിക്കുമോ എന്ന്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് ഓടിപ്പോകുന്ന കൂട്ടത്തിലാണ് അവൻ. കുറച്ച് നാണക്കാരനുമാണ്. അവനെക്കൊണ്ട് പോയി അഭിനയിപ്പിക്കുക എന്ന് പറഞ്ഞാൽ വലിയ ചടങ്ങായിരിക്കും.’ ഒടുവിൽ, നിങ്ങളുടെ സ്വന്തം റിസ്കിൽ ചെയ്തോളാൻ പറഞ്ഞ് ഞാൻ അവനെ വിടുകയായിരുന്നു’,ടൊവിനോ പറഞ്ഞു.

ടൊവിനോ തോമസ്.Photo;Mathrubhumi

അഭിനയിപ്പിച്ചു നോക്കിയാൽ മാത്രമേ അവന് അഭിനയിക്കാൻ കഴിയുമോ എന്ന് അറിയാൻ പറ്റൂ എന്നും, ഈ സിനിമയിലെ ഒരു പാട്ട് സീനിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രംഗം മാത്രമേ അവൻ ചെയ്തിട്ടുള്ളൂ എന്നും താരം വ്യക്തമാക്കി. വലിയ അഭിനയമൊന്നും ആയിട്ട് തഹാൻ ഒന്നും ചെയ്തിട്ടില്ലെന്നും, അതൊക്കെ അവൻ വലുതാകുമ്പോൾ താല്പര്യമുണ്ടെങ്കിൽ ചെയ്യേണ്ട കാര്യങ്ങളാണെന്നും ടൊവിനോ പറഞ്ഞു നിർത്തി. സിനിമയ്ക്ക് പുറമെ ജീവിതത്തിലെ വിശേഷങ്ങളും മകൻ തഹാനുമൊത്തുള്ള ചിത്രങ്ങളും ടൊവിനോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Content Highlight:Tovino Thomas clarifies he did not recommend his son Thahan for Athiradi

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more