| Sunday, 18th January 2026, 7:12 pm

ഒന്ന് കാറ്റാണെങ്കില്‍ മറ്റേത് കൊടുങ്കാറ്റ്; ശ്രീകുട്ടന്‍ വെള്ളായണിയായി ടൊവിനോ, അതിരടിയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഐറിന്‍ മരിയ ആന്റണി

നവാഗതനായ അരുണ്‍ അനിരുദ്ധന്റ സംവിധാനത്തില്‍ ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് അതിരടി. പക്കാ മാസ് ആക്ഷന്‍ ചിത്രമായിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബേസിലിന്റെ ക്യാര്കര്‍ പോസ്റ്ററും ചിത്രത്തിലെ ബേസിലിന്റെ ലുക്കും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ടൊവിനോ തോമസിന്റ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ശ്രീകുട്ടന്‍ വെള്ളായണി എന്ന കഥാപാത്രമായാണ് അതിരടിയില്‍ ടൊവിനോ എത്തുന്നത്. നിമിഷം നേരം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റിന് മികച്ച പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഒന്ന് കാറ്റാണെങ്കില്‍ മറ്റേത് കൊടുങ്കാറ്റ്, കത്തിക്കല്‍, ഇത് കത്തും എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ടൊവിനോ പഠിപ്പിയാണോ, കൃഷ്ണന്‍ ഭക്തന്‍ ശ്രീകുട്ടന്‍ എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ കാണാം.

ബേസില്‍ ജോസഫ് എന്റര്‍ടെയ്മെന്റസിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ അനന്തു എസും നിര്‍മിക്കുന്ന അതിരടി മെയ് 14ന് തിയേറ്ററുകളിലെത്തും. ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് നേരത്തെയാക്കുകയായിരുന്നു.

മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. 2026ല്‍ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലുള്ള പ്രേക്ഷകര്‍ കാണുന്ന ചിത്രം കൂടിയാണ് അതിരടി.

വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയാണ്. ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ എഡിറ്ററാണ് ചമന്‍. സര്‍വ്വം മായയിലൂടെ ഡെലൂലൂവായി തിളങ്ങിയ റിയ ഷിബുവും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Tovino Thomas’ character poster from the movie Athiradi is out

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more