മോളിവുഡില്‍ അടുത്തിടെയുണ്ടായ അത്ഭുത വിജയമായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്ണിന്റേത്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറി. തുടരുമിനെ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ലോകഃ സ്വന്തമാക്കിയിരുന്നു. വലിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രം കൂടിയായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര.
ചിത്രത്തിന്റെ അടുത്ത ഭാഗത്തില്‍ ടൊവിനോ അവതരിപ്പിച്ച മൈക്കള്‍/ ചാത്തന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യഭാഗത്തില്‍ വെറും 15 മിനിറ്റ് മാത്രം വന്നുപോയ മൈക്കള്‍ ലോകഃയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. 390 ചാത്തന്മാരില്‍ രണ്ടുപേരുടെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടുണ്ട്. ലോകഃ 2ലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.
ടൊവിനോ തോമസ് Photo: Screen grab/ The Hollywood Reporter India
ലോകഃ 2ന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടൊവിനോ പറയുന്നു. ആദ്യഭാഗത്തിന്റെ ഷൂട്ട് അവസാനിച്ചപ്പോള്‍ തന്നെ അടുത്ത ഭാഗത്തില്‍ താനാകുമെന്ന സൂചന അരുണ്‍ തന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. കരിയറില്‍ ഒരുപാട് വെല്ലുവിളികളുള്ള ചിത്രമായിരിക്കും ലോകഃ 2 എന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘390 ചാത്തന്മാരുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ആ ഒരു കണ്‍സപ്റ്റിനെ എങ്ങനെ അവതരിപ്പിക്കുമെന്നതാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. എല്ലാം ഞാന്‍ തന്നെയാണ്. 390 എണ്ണം മുഴുവനായി ചെയ്യാന്‍ പറ്റില്ലെങ്കിലും മിനിമ ഒരു അഞ്ചാറെണ്ണത്തിനെയെങ്കിലും കാണിക്കണം. ഓരോ ചാത്തനെയും എങ്ങനെ അപ്രോച്ച് ചെയ്യണമെന്നത് വലിയൊരു ചലഞ്ചാകുമെന്ന് ഉറപ്പാണ്.
ലോകഃ 2 Photo: Screen grab/ Wayfarer films
അരുണ്‍ ഓരോ ദിവസവും റഫറന്‍സിന് വേണ്ടി പല വീഡിയോയും അയച്ച് തരാറുണ്ട്. അതില്‍ എന്തെങ്കിലുമൊക്കെ ട്രിക്കുണ്ടാകും. ‘ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ട്രൈ ചെയ്ത് നോക്ക്’ എന്ന് പറഞ്ഞിട്ടാണ് അയച്ച് തരുന്നത്. ചാപ്റ്റര്‍ വണ്ണിലെ കോയിന്‍ ട്രിക്ക് അങ്ങനെ പഠിച്ചതാണ്. അഞ്ച് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിന് വേണ്ടി അത് പഠിക്കേണ്ടി വന്നു. പക്ഷേ എനിക്ക് അതിപ്പോള്‍ ഗുണമായി. എല്ലാ പാര്‍ട്ടികളിലും എന്റെ സ്‌പെഷ്യല്‍ ട്രിക്കായിട്ട് ഞാന്‍ അത് അവതരിപ്പിക്കും,’ ടൊവിനോ പറഞ്ഞു.
ജീവിതത്തില്‍ ഗുണം ചെയ്യുന്ന ട്രിക്കുകള്‍ സിനിമക്ക് വേണ്ടി പഠിക്കാനായെന്നും താരം പറയുന്നു. എ.ആര്‍.എമ്മിന് വേണ്ടി കളരി പഠിച്ചെന്നും അത് ഒരു ലൈഫ്‌സ്റ്റൈലായി മാറിയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. അരുണ്‍ ഡൊമിനിക് ലോകഃ 2ന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Tovino Thomas about the challenges he is going to face in Lokah chapter Two
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ