| Saturday, 20th June 2026, 5:48 pm

നീയൊക്കെ എവിടം കൊണ്ടാ കേള്‍ക്കുന്നത്; ബാലന്‍ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയില്‍ കമന്റുമായി ടൊവിനോ

അമര്‍നാഥ് എം.

തന്നെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തക്കെതിരെ സ്‌പോട്ടില്‍ പ്രതികരിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘സിനിമയില്ലെങ്കില്‍ കിളക്കാന്‍ പോകും’ എന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലിനെതിരെ ടൊവിനോ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് പറഞ്ഞ ചാനലിനെ താരം വിമര്‍ശിച്ചു.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള തെറ്റായ മറ്റൊരു റിപ്പോര്‍ട്ടിനെതിരെ ടൊവിനോ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ബാലന്‍ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് കഴിഞ്ഞദിവസത്തെ പ്രസ്മീറ്റില്‍ ടൊവിനോ സംസാരിച്ചിരുന്നു. കവിള്‍ ഒട്ടാനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നാണ് ടൊവിനോ പറഞ്ഞത്.

എന്നാല്‍ ഇതിനെ മറ്റൊരു രീതിയിലാണ് സമകാലിക മലയാളം എന്ന വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. കവിള്‍ തുടുക്കാന്‍ രണ്ടെണ്ണം അടിച്ചിട്ടാണ് ബാലനില്‍ അഭിനയിച്ചതെന്നാണ് സമകാലിക മലയാളം നല്‍കിയ ഗ്രാഫിക്‌സ് കാര്‍ഡിലുള്ളത്. ഈ വാര്‍ത്തക്ക് താഴെ ടൊവിനോ കമന്റ് പങ്കുവെക്കുകയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഷെയര്‍ ചെയ്യുകയും ചെയ്തു.

‘അല്ലയോ മഞ്ഞ പത്രമേ, ഞാന്‍ രണ്ടെണ്ണം അടിച്ച് അല്ല ഈ കഥാപാത്രം ചെയ്തത്. ഇത് റിപ്പോര്‍ട്ട് ചെയ്തവന്‍ രണ്ടെണ്ണം അടിച്ചിട്ടാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് തോന്നുന്നു. ‘ഹൈറ്റ്‌സ് ഓഫ് മിസ്‌കോട്ടിങ്’ നീയൊക്കെ എവിടം കൊണ്ടാണ് കേള്‍ക്കുന്നത്’ എന്ന കമന്റ് വാര്‍ത്തക്ക് താഴെ പങ്കുവെക്കുകയും സ്റ്റോറിക്ക് ക്യാപ്ഷനായി നല്‍കുകയും ചെയ്തു.

ടോവിനോയുടെ കമന്റിന് പിന്നാലെ സമകാലിക മലയാളം അവരുടെ പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നീക്കം ചെയ്തു. എന്നാലും ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം പലരും പങ്കുവെക്കുന്നുണ്ട്. ടൊവിനോയുടെ മറുപടി ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെടുകയാണ്. ഇത്തരം വളച്ചൊടിച്ച വാര്‍ത്തകള്‍ക്ക് ഇങ്ങനെ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നാണ് പലരുടെയും കമന്റുകള്‍.

അതേസമയം ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമെന്നാണ് പലരും ബാലനിലെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയില്‍ കടന്നുവരുന്ന അബ്ബാസ് എന്ന കഥാപാത്രത്തെയാണ് ടൊവി അവതരിപ്പിച്ചത്. ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ ഒന്നാണ് ബാലനിലെ അബ്ബ. 15 ദിവസത്തെ ഷൂട്ടിനായി ശാരീരികമായി ചില മാറ്റങ്ങള്‍ ടൊവി വരുത്തിയത് അഭിനന്ദനാര്‍ഹമാണ്.

Content Highlight: Tovino’s reply to misleading news by an Online media viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more