| Friday, 31st July 2026, 2:08 pm

പെറ്റമ്മക്ക് വേണ്ടീട്ടല്ലേ, അപ്പൊ വളര്‍ത്തച്ഛനെ ഒറ്റാം; അമ്മ പൊന്നാണെങ്കില്‍ അബ്ബ തനിത്തങ്കമാണ്, ഒ.ടി.ടി റിലീസില്‍ കൈയടി നേടി ബാലനും അബ്ബാസും

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും വിശേഷിപ്പിച്ച ചിത്രമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലന്‍ നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സീ ഫൈവിലൂടെയാണ് ബാലന്‍ സ്ട്രീം ചെയ്യുന്നത്.

ഒ.ടി.ടി റിലീസിലും മികച്ച പ്രതികരണമാണ് ബാലന് ലഭിക്കുന്നത്. വളരെ ഇമോഷണലായ, കാണുന്നവനെ കൂടെക്കൊണ്ട് നടക്കുന്ന രീതിയില്‍ കഥപറഞ്ഞ ചിത്രമാണ് ബാലന്‍. പല നാടുകളില്‍, പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ബാലന്‍ പറയുന്നത്. പുതുമുഖങ്ങളായ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍ എന്നിവരാണ് അമ്മയും മകനുമായി വേഷമിട്ടത്.

ചിത്രത്തില്‍ അതിഥിവേഷത്തില്‍ വന്ന് കൈയടി നേടിയ താരമാണ് ടൊവിനോ തോമസ്. അബ്ബാസ് എന്ന കഥാപാത്രമായി രണ്ടാംപകുതിയില്‍ കടന്നുവന്ന ടൊവിനോ പ്രേക്ഷകരുടെ മനസ് നിറച്ചാണ് പോയത്. രൂപത്തിലും ഭാവത്തിലും കഥാപാത്രമായി മാറിയ പ്രകടനമായിരുന്നു ടൊവിയുടേത്. തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രമായി തോന്നുമെങ്കിലും ഉള്ളില്‍ നന്മയുള്ളവനാണ് താനെന്ന് അബ്ബ ക്ലൈമാക്‌സില്‍ തെളിയിക്കുന്നുണ്ട്.

അമ്മയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് ബാലനെ ആറ് വര്‍ഷത്തോളം അബ്ബ തന്റെ കൂടെ നിര്‍ത്തുന്നുണ്ട്. മോഷണത്തിനും മറ്റ് ഇല്ലീഗല്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ബാലനെ അബ്ബ ഉപയോഗിക്കുന്നത്. ക്ലൈമാക്‌സില്‍ തന്റെ അമ്മയെ കാണാന്‍ വേണ്ടി അബ്ബാസിനെ പൊലീസിന് കാണിച്ചുകൊടുക്കുകയാണ് ബാലന്‍. എന്നാല്‍ അമ്മയെക്കുറിച്ച് അബ്ബക്ക് അറിയാമെന്ന് ബാലന്‍ തിരിച്ചറിയുന്ന സീന്‍ ഗംഭീരമായിരുന്നു.

താന്‍ കൂടെക്കൊണ്ട് നടന്ന ബാലന്‍ തന്നെ ഒറ്റിയെന്നറിയുമ്പോള്‍ അബ്ബാസ് സങ്കടപ്പെടുന്നില്ല. അമ്മയെ കിട്ടാന്‍ വേണ്ടി തന്നെ ഒറ്റിയതില്‍ തെറ്റില്ലെന്നാണ് അബ്ബാസിന്റെ ന്യായം. ‘സാരമില്ലടാ…. പെറ്റമക്ക് വേണ്ടിയല്ലേ, അപ്പൊ വളര്‍ത്തച്ഛനെ ഒറ്റാം’ എന്ന ഡയലോഗ് ഗംഭീരമായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സീനില്‍ ആരും ശ്രദ്ധിക്കാത്ത ഒരു ഡയറക്ടര്‍ ബ്രില്യന്‍സും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അബ്ബയെ പൊലീസ് കൊണ്ടുപോകുന്നതിനിടക്ക് ബാലന്‍ പവിത്രന്റെ ദേഹത്ത് തട്ടിയിട്ടാണ് പോകുന്നത്. അബ്ബയുടെ അടുത്ത് എത്തുമ്പോള്‍ അയാളുടെ കൈയില്‍ ഒരു സാധനം കൊടുക്കുന്നതായും കാണിക്കുന്നുണ്ട്. പവിത്രന്റെ പോക്കറ്റില്‍ നിന്ന് വിലങ്ങിന്റെ താക്കോല്‍ അടിച്ചുമാറ്റിയിട്ടാണ് ബാലന്‍ പോകുന്നതെന്നാണ് ചിലര്‍ കണ്ടുപിടിച്ചത്. ബാലനിലെ കൂടുതല്‍ ബ്രില്യന്‍സുകള്‍ വരുംദിവസങ്ങളില്‍ വൈറലാകുമെന്ന് ഉറപ്പാണ്.

Content Highlight: Tovino’s character in Balan Movie getting appreciations after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more