ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സ് പുരുഷ ടെന്നിസ് ഡബിള്‍സില്‍ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം നേരിടേണ്ടത് ബലാറസിലെ മാക്‌സ് മിര്‍ണി – അലക്‌സാണ്ടര്‍ ബറി സംഖ്യത്തെയാണ്. തുടക്കം പൊതുവെ കട്ടിയായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.[]
എന്നാല്‍ ലിയാന്‍ഡര്‍ പെയ്‌സ് – വിഷ്ണുവര്‍ധന്‍ സഖ്യത്തിന് ആദ്യ റൗണ്ടില്‍ എതിരാളികള്‍ അത്ര ശക്തരല്ല. ഹോളണ്ടില്‍ നിന്നുള്ള ജൂലിയന്‍ ജീന്‍ റോജര്‍ – റോബിന്‍ ഹേസ് സഖ്യത്തെയാണ് ഇവര്‍ നേരിടേണ്ടി വരിക.
വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയും റുഷ്മി ചക്രവര്‍ത്തിയും അടങ്ങുന്ന സഖ്യത്തിന് എതിരാളികള്‍ തായ്‌പെയില്‍ നിന്നാണ്. സൂ വെയ് സൈയും ചിയാ ജുങ് ചാങും. പുരുഷ സിംഗിള്‍സില്‍ സോംദേവ് ദേവ് വര്‍മന് എതിരാളി ഫിന്‍ലന്‍ഡുകാരന്‍ ജാര്‍ക്കോ നിമിനെയ്‌നാണ്.
ആദ്യ കളിയില്‍ വിജയം നേടിയാല്‍ സോംദേവിനെ കാത്തിരിക്കുന്നത് ലോക മൂന്നാം നമ്പര്‍ താരം ഇംഗ്ലണ്ടിന്റെ ആന്‍ഡി മുറേ – സാറ്റാനിസിയാസ് വാവ്‌റിങ്ക (സ്വിസ്) മത്സരത്തിലെ വിജയിയാണ്. ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് ആദ്യകളിയില്‍ എതിരാളിയാകുന്നത് അലസാന്ദ്രോ ഫാലയും.
വനിതാ സിംഗിള്‍സില്‍ വില്യംസ് സഹോദരിമാര്‍ക്ക് എതിരാളികള്‍ കടുപ്പക്കാരാണ്. നാലാം നമ്പര്‍ താരമായ സെറീന, യെലേന യാങ്കോവിച്ചിനെ നേരിടും.
വീനസിന് എതിരാളി ഒമ്പതാം നമ്പര്‍ താരം സാറാ ഇറാനി. സെറീന – വീനസ് സഹോദരി സഖ്യം ഡബിള്‍സില്‍ രണ്ടുതവണ ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ട്. സിഡ്‌നി ഒളിമ്പിക്‌സില്‍ സിംഗിള്‍സിലെ സ്വര്‍ണമെഡല്‍ ജേത്രിയാണ് വീനസ്.