| Tuesday, 21st June 2022, 10:09 am

റയലില്‍ പോകേണ്ട ആവശ്യമൊന്നുമില്ല; പി.എസ്.ജിയില്‍ തുടരാനുള്ള എംബാപെയുടെ തീരുമാനത്തെ അഭിനന്ദിച്ച് മുന്‍ ഇറ്റാലിയന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇപ്പോള്‍ നടക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ തങ്ങളുടെ ടീമിനെ ഒന്നുകൂടി മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ചാമ്പ്യന്‍സ് ലീഗ് എന്ന ഒറ്റ ലക്ഷ്യത്തിലാണ് പി.എസ്.ജി എല്ലാ വര്‍ഷവും ടീമിനെ ഇറക്കുക.

ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെയെ ടീമില്‍ നിലനിര്‍ത്താന്‍ പി.എസ്.ജി നന്നായി ശ്രമിച്ചിരുന്നു. അവരുടെ ഐക്കോണിക്കായ താരം സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ കരാര്‍ വേണ്ടെന്ന് വെച്ചാണ് പി.എസ്.ജിയല്‍ തുടരാന്‍ തീരുമാനിച്ചത്.

എംബാപെയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് വന്നിരിക്കുകയാണ് മുന്‍ ഇറ്റലിയന്‍ കളിക്കാരന്‍ ഫ്രാന്‍സെസ്‌കോ ടോട്ടി. പി.എസ്.ജിയില്‍ തുടരാനുള്ള കിലിയന്‍ എംബാപെയുടെ തീരുമാനം മികച്ചതാണെന്നാണ് റോമ ഇതിഹാസം ഫ്രാന്‍സെസ്‌കോ ടോട്ടിയുടെ അഭിപ്രായം.

എംബാപെയെ ഒരു ചാമ്പ്യനെ പോലെ പി.എസ്.ജി മാനേജ് ചെയ്യണമെന്നാണ് ടോട്ടിയുടെ അഭിപ്രായം.

‘എംബാപെയുടെ തീരുമാനം? എന്നെ സംബന്ധിച്ചിടത്തോളം അത് ഹൃദയത്തിന്റെ ഒരു തെരഞ്ഞെടുപ്പാണ്, അത് ആര് തീരുമാനിച്ചതായാലും. എല്ലാ വലിയ ചാമ്പ്യന്മാരെയും പോലെ അവനെ പരിഗണിക്കുകയും സംരക്ഷിക്കുകയും വേണം. പി.എസ്.ജിയേക്കാള്‍ മികച്ചത് കണ്ടെത്താന്‍ അദ്ദേഹത്തിന് നിലവില്‍ കഴിയില്ല കാരണം അദ്ദേഹം അവിടെ രാജാവാണ്, ”ടോട്ടി പറഞ്ഞു.

സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടോട്ടി തന്റെ അഭിപ്രായം പറഞ്ഞത്.

തന്റെ കരിയറിലുടനീളം ഒരു ക്ലബ്ബില്‍ മാത്രം കളിച്ചതിന് പേരുകേട്ട താരമാണ് ടോട്ടി. 1992ല്‍ റോമയില്‍ അരങ്ങേറിയ ടോട്ടി 2017ല്‍ കരിയര്‍ അവസാനിപ്പിച്ചതും റോമയിലാണ് ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും ലോയലായിട്ടുള്ള കളിക്കാരന്‍ എന്നാണ് ടോട്ടിയെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്.

ലയണല്‍ മെസിയും നെയ്മറുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും എംബാപെയായിരുന്നു പി.എസ്.ജിയുടെ നട്ടെല്ല്. സീസണില്‍ പി.എസ്.ജിക്കായി 39 ഗോളും 26 അസിസ്റ്റുമാണ് താരം നേടിയത്.

Content Highlights: Totti Praises Mbape for staying at PSG over Real Madrid

Latest Stories

We use cookies to give you the best possible experience. Learn more