| Wednesday, 10th December 2025, 6:36 pm

ടീമിന്റെ ടോപ്പ് സ്‌കോറര്‍ 'സെല്‍ഫ് ഗോള്‍'; വല്ലാത്തൊരു മുന്നേറ്റവുമായി ടോട്ടന്‍ഹാം ഹോട്‌സ്പര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ യുവേഫ യൂറോപ്പ ലീഗ് സ്വന്തമാക്കിയാണ് ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. ആറ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് സ്പര്‍സ്.

ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് നിലവില്‍ സ്പര്‍സിനുള്ളത്. 13 ഗോളടിച്ചപ്പോള്‍ ഏഴെണ്ണം വലയിലേറ്റുവാങ്ങി. ഗോള്‍ വ്യത്യാസം ആറ്.

ഈ ആറ് മത്സരത്തില്‍ നിന്നും സ്പര്‍സിന്റെ ടോപ്പ് സ്‌കോററെ പരിശോധിച്ചാല്‍ അവിടെ ‘സെല്‍ഫ് ഗോള്‍’ എന്ന് കാണാന്‍ സാധിക്കും. മൂന്ന് തവണയാണ് എതിരാളികളുടെ കാലില്‍ നിന്നുള്ള സെല്‍ഫ് ഗോള്‍ ടീമിന് രക്ഷയായത്.

സ്പര്‍സ് ആകെ നേടിയ 13 ഗോളില്‍ പത്തെണ്ണമാണ് സ്വന്തം താരങ്ങളുടെ കാലില്‍ നിന്നും പിറവിയെടുത്തത്. ശേഷിക്കുന്ന മൂന്ന് ഗോളും എതിരാളികളുടെ വകയാണ് ടീമിന്റെ പേരിലെത്തിയത്.

യഥാര്‍ത്ഥത്തില്‍ അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ഗോള്‍ നേടിയ മിക്കി വാന്‍ ഡെന്‍ വെന്നും നാല് മത്സരത്തില്‍ നിന്നും രണ്ട് ഗോളടിച്ച റാന്‍ഡല്‍ കോലോ മുവാനയുമാണ് ടോട്ടന്‍ഹാമിന്റെ ഈ സീസണിലെ യു.സി.എല്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. എന്നാല്‍ ‘സെല്‍ഫ് ഗോള്‍’ ഒരു ഗോളിന്റെ ബലത്തില്‍ ഇവരേക്കാള്‍ മുമ്പിലാണ്.

2025-26 യു.സി.എല്‍ – ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഗോള്‍ വേട്ടക്കാര്‍ (ഇതുവരെ)

(താരം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)

സെല്‍ഫ് ഗോള്‍ – 6 – 3

റാന്‍ഡല്‍ കോലോ മുവാനി – 4 – 2

മിക്കി വാന്‍ ഡെന്‍ വെന്‍ – 5 – 2

ജാവോ പാലിന്‍ഹ – 5 – 1

റിച്ചാര്‍ളിസണ്‍ – 5 – 1

അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ടോട്ടന്‍ഹാം സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക് വമ്പന്‍മാരായ സ്ലാവിയ പ്രാഹയോട് നടന്ന അവസാന മത്സരത്തില്‍ ടീം വിജയിച്ചിരുന്നു.

സ്വന്തം തട്ടകമായ ലണ്ടനിലെ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പര്‍സ് വിജയിച്ചത്. ഈ മത്സരത്തിലും ടോട്ടന്‍ഹാമിന് സെല്‍ഫ് ഗോളിന്റെ സഹായം ലഭിച്ചു.

26ാം മിനിട്ടില്‍ ഡേവിഡ് സിമയുടെ സെല്‍ഫ് ഗോളിലൂടെയാണ് സ്പര്‍സ് അക്കൗണ്ട് തുറന്നത്. 50ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മുഹമ്മദ് കൂഡൂസ് രണ്ടാം ഗോളടിച്ചപ്പോള്‍ 79ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സാവി സിമ്മണ്‍സ് നാലാം ഗോളും അടിച്ചെടുത്തു.

ജനുവരി 20നാണ് ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം. ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. ടോട്ടന്‍ഹാമിന്റെ സ്വന്തം മണ്ണിലാണ് മത്സരം.

Content Highlight: Tottenham Hotspurs’ top goal scores in UCL 2025-26

Latest Stories

We use cookies to give you the best possible experience. Learn more