യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ടര്‍ ഓഫ് സിക്സ്റ്റീന്‍ ആദ്യ പാദ മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. അത്ലറ്റികോ മാഡ്രിഡാണ് ടീമിനെ തകര്‍ത്തെറിഞ്ഞത്. അത്ലെറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.
മത്സരത്തില്‍ ആദ്യ 15 മിനിട്ടുകള്‍ക്കകം തന്നെ ടോട്ടനം മൂന്ന് ഗോളുകള്‍ വഴങ്ങിയിരുന്നു. ഇതില്‍ നിന്ന് ടീമിന് കരകയറാന്‍ സാധിച്ചില്ല. രണ്ട് ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും വിജയം ഏറെ അകലെയായിരുന്നു.
ഇതോടെ ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടു എന്ന നാണക്കേടും പിറന്നു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനോട് തോല്‍വി വാങ്ങിയതിന് ശേഷമാണ് സ്പര്‍സിന്റെ കഷ്ടകാലം തുടങ്ങിയത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടീം യുണൈറ്റഡിന് മുന്നില്‍ മുട്ടുകുത്തിയത്.
അത്‌ലറ്റികോ മാഡ്രിഡ് താരങ്ങളും ടോട്ടനം താരങ്ങളും മത്സരത്തിനിടെ. Photo: ghettoradio.com
പിന്നാലെ ന്യൂകാസിലിനെതിരെ ടോട്ടനം കളത്തിലെത്തി. എന്നാല്‍, അന്നും ടീമിന് നിരാശപ്പെടേണ്ടി വന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ന്യൂകാസില്‍ സ്പര്‍സിനെ തോല്‍പ്പിച്ചത്.
ആഴ്‌സണലായിരുന്നു ടീമിന്റെ അടുത്ത എതിരാളികള്‍. ഈ മത്സരത്തില്‍ ഗണ്ണേഴ്സും ടോട്ടനത്തിന് പരാജയം സമ്മാനിച്ചു. 4 – 1ന്റെ തോല്‍വിയായിരുന്നു ഇത്തവണ സ്പര്‍സ് രുചിച്ചത്.
അടുത്ത രണ്ട് മത്സരങ്ങളില്‍ ഫുള്‍ഹാമും ക്രിസ്റ്റല്‍ പാലസും ടോട്ടനത്തിന് എതിരെ കളത്തിലെത്തി. ഇരുവര്‍ക്കും മുന്നിലും ഇംഗ്ലീഷ് ക്ലബ്ബിന് തല കുനിക്കേണ്ടി വന്നു. ഫുള്‍ഹാമിനെതിരെ 2 – 1ന്റെ തോല്‍വിയാണ് വഴങ്ങിയതെങ്കില്‍ ക്രിസ്റ്റല്‍ പാലസിനോട് 3 – 1നും അടിയറവ് പറഞ്ഞു.
ടോട്ടൻഹാം ഹോട്സ്പർ. Photo: Yahoo Sports.com
ഇപ്പോള്‍ അത്ലറ്റികോ മാഡ്രിഡിന് മുന്നിലും ടോട്ടനത്തിന് കാലിടറിയിരിക്കുന്നു. അതിനൊപ്പം തന്നെ ടീമിനെ ആറ് തുടര്‍ച്ചയായ തോല്‍വികള്‍ എന്ന നാണക്കേടും കൂടിയാണ് വന്ന് ചേര്‍ന്നത്.
അതേസമയം മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനായി ജൂലിയന്‍ അല്‍വാരെസ് ഇരട്ട ഗോളുകള്‍ നേടി. 15, 55 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. താരത്തിന് പുറമെ, മാര്‍ക്കോസ് ലോറെന്റ, അന്റോയിന്‍ ഗ്രീസ്മാന്‍, റോബിന്‍ ലെ നോര്‍മണ്ട് എന്നിവരും വല കുലുക്കി. യഥാക്രമം ആറ്, 14, 22 മിനിട്ടുകളിലായിരുന്നു ഇവരുടെ ഗോളുകള്‍.
ടോട്ടനത്തിനായി പെഡ്രോ പോറോ, ഡൊമിനിക് സോളങ്കെ എന്നിവര്‍ ആശ്വാസ ഗോള്‍ നേടി. 26, 76 മിനിട്ടുകളിലായിരുന്നു ഇവര്‍ ടീമിനായി വല കുലുക്കിയത്.
Content Highlight: Tottenham Hotspurs lose 6 consecutive games for the first in the history
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ