| Friday, 15th August 2025, 12:21 pm

ഓപ്പറേഷന്‍ വിജയിച്ചു, എന്നാല്‍ രോഗി മരിച്ചു; സൂപ്പര്‍ കപ്പ് ഫൈനലിലെ പരാജയത്തില്‍ ടോട്ടന്‍ഹാം പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രലാദ്യമായി നേടിയ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് കൂട്ടായി യുവേഫ സൂപ്പര്‍ കപ്പും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചാണ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ തങ്ങളുടെ ആരാധകരോടുള്ള വാക്ക് പാലിച്ചത്. യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ ടോട്ടന്‍ഹാം ഹോട്സ്പറിനെ പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ തകര്‍ത്താണ് പാരീസിയന്‍സ് കിരീടമുയര്‍ത്തിയത്.

മത്സരത്തിന്റെ 84ാം മിനിട്ട് അവസാനിച്ചപ്പോഴും രണ്ട് ഗോളിന് മുമ്പില്‍ നിന്ന ലണ്ടന്‍ വമ്പന്‍മാര്‍ അനായാസം കിരീടമുയര്‍ത്തുമെന്നാണ് പി.എസ്.ജി ആരാധകര്‍ പോലും കരുതിയത്. എന്നാല്‍ ടോട്ടന്‍ഹാമിന്റെ സ്വപ്‌നങ്ങള്‍ പാടെ തകര്‍ത്ത് പി.എസ്.ജി വിജയിച്ചുകയറുകയായിരന്നു.

85ാം മിനിട്ടില്‍ ലീ കാങ് ഇന്നിലൂടെ ആദ്യ ഗോള്‍ നേടിയ പി.എസ്.ജി ആഡ് ഓണ്‍ ടൈമിന്റെ നാലാം മിനിട്ടില്‍ ഗോണ്‍സാലോ റാംമോസിലൂടെ ഈക്വലൈസര്‍ ഗോളും കണ്ടെത്തി.

തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ 4-3ന് ഇംഗ്ലീഷ് പടയെ വീഴ്ത്തി പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ യുവേഫ സൂപ്പര്‍ കപ്പും മൂന്നാം യൂറോപ്യന്‍ കിരീടവും (1996ലെ യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് അടക്കം) ഈഫല്‍ ടവറിന്റെ നാട്ടിലെത്തിച്ചു.

ഇപ്പോള്‍ സൂപ്പര്‍ കപ്പിനെ കുറിച്ചും പി.എസ്.ജിക്കെതിരായ തോല്‍വിയെ കുറിച്ചും സംസാരിക്കുകയാണ് ടോട്ടന്‍ഹാം പരിശീലകന്‍ തോമസ് ഫ്രാങ്ക്. ടീമിന്റെ പ്രകടനത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് ഫ്രാങ്ക് പറഞ്ഞത്.

‘ഈ ടീം, താരങ്ങള്‍, ആരാധകര്‍… എല്ലാവരെയും ആലോചിച്ച് എനിക്ക് ഏറെ അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരെ, ഇവര്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. മത്സരത്തിന്റെ 75, 80 മിനിട്ട് വരെ കാര്യങ്ങള്‍ എല്ലാം പെര്‍ഫെക്ട് ആയിരുന്നു. അല്‍പ്പം പോലും വിട്ടുകൊടുത്തിരുന്നില്ല.

ഒരു കോയിന്‍ ഫ്‌ളിപ്പ് പോലെ എല്ലാം വളരെ ചെറിയ മാര്‍ജിനിലാണ് സംഭവിച്ചത്. അവസരത്തിനൊത്ത് ഉയര്‍ന്ന, വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിട്ട എല്ലാ താരങ്ങളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു,’ തോമസ് ഫ്രാങ്ക് പറഞ്ഞു.

ടീമിന്റെ പരാജയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘എന്നാല്‍ പി.എസ്.ജിക്കെതിരെ മറ്റെന്തെങ്കിലും കൂടുതല്‍ വേണമെന്ന് എനിക്കറിയാമായിരുന്നു. ഒരു സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലെ ഒന്ന്.

മെഡിക്കല്‍ ടേമില്‍ പറയുകയാണെങ്കില്‍, ഓപ്പറേഷന്‍ വിജയിച്ചു എന്നാല്‍ രോഗി മരിച്ചു. അവസാനം ഒട്ടും മികച്ചതായിരുന്നില്ല,’ തോമസ് ഫ്രാങ്ക് പറഞ്ഞു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിനുള്ള തയ്യാറെടുപ്പിലാണ് ടോട്ടന്‍ഹാം. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബേണ്‍ലിയാണ് എതിരാളികള്‍. സ്പര്‍സിന്റെ ഹോം ഗ്രൗണ്ടായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Tottenham Hotspurs coach Thomas Frank about lost against PSG in UEFA Super Cup

We use cookies to give you the best possible experience. Learn more