| Monday, 30th March 2026, 1:16 pm

വെറും 44 ദിവസത്തിന്റെ ആയുസ്!! പരിശീലകനെ പുറത്താക്കി ടോട്ടനം

ഫസീഹ പി.സി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ പരിശീലകന്‍ ഇഗോര്‍ ട്യൂഡറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ടീം പരിശീലകനുമായി പിരിഞ്ഞത്.

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ട്യൂഡര്‍ ടോട്ടനത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ആദ്യ പരിശീലകന്‍ തോമസ് ഫ്രാങ്കിനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ക്രോയേഷ്യന്‍ ടീമിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തത്.

2025 – 26 സീസണ്‍ അവസാനിക്കുന്ന വരെയായിരുന്നു ടോട്ടനവുമായി ട്യൂഡറിന്റെ കരാര്‍. എന്നാല്‍, പരിശീലകനായി ചുമതലയേറ്റതിന് ശേഷം കളത്തിലിറങ്ങിയ ഒരു മത്സരത്തിലും ടീമിന് വിജയിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ഇഗോർ ട്യൂഡർ. Photo: Peter/x.com

ട്യൂഡറിന്റെ കീഴില്‍ ടോട്ടനം അഞ്ച് മത്സരങ്ങളിലാണ് ഇറങ്ങിയത്. അതില്‍ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു സമനിലയും ടീം വഴങ്ങി. ഇതിനിടയില്‍ ഇംഗ്ലീഷ് വമ്പന്മാര്‍ അത്ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായിരുന്നു.

നിലവില്‍ പ്രീമിയര്‍ ലീഗില്‍ 17-ാം സ്ഥാനത്താണ് ടോട്ടനം. ഇത് ടീമിന് റെലഗേഷന്‍ ഭീഷണിയും ഉയര്‍ത്തുന്നു. ഇതാണ് ട്യൂഡറിനെ സീസണിന് മുന്നേ തന്നെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.

വെറും 44 ദിവസങ്ങള്‍ മാത്രം ടോട്ടനം പരിശീലകനായാണ് ട്യൂഡര്‍ സ്ഥാനം ഒഴിയുന്നത്. ഇതോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കുറവ് കാലം പരിശീലിപ്പിച്ച നാലാമത്തെ മാനേജരായും അദ്ദേഹം തന്റെ പേര് ചേര്‍ത്തു.

മുന്‍ ലീഡ്‌സ് യുണൈറ്റഡ് പരിശീലകന്‍ സാം അല്ലാര്‍ഡൈസാണ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കുറഞ്ഞ കാലാവധി പരിശീലകനായത്. 2023ല്‍ ലീഡ്സിന്റെ മാനേജര്‍ കുപ്പായമണിഞ്ഞ അദ്ദേഹം വെറും 30 ദിവസമാണ് ആ സ്ഥാനത്തിരുന്നത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കുറഞ്ഞ കാലാവധി പരിശീലിപ്പിച്ച മാനേജര്‍മാര്‍

(പരിശീലകന്‍ – ടീം – വര്‍ഷം – കാലാവധി എന്നീ ക്രമത്തില്‍)

സാം അല്ലാര്‍ഡൈസ് – ലീഡ്‌സ് യുണൈറ്റഡ് – 2023 – 30 ദിവസം

ആഞ്ചെ പോസ്റ്റെകോഗ്ലോ – നോട്ടിങ്ഹാം ഫോറസ്റ്റ് – 2025 – 39 ദിവസം

ലീസ് റീഡ് – ചാള്‍ട്ടണ്‍ അത്ലറ്റിക് – 2006 – 40 ദിവസം

ഇഗോര്‍ ട്യൂഡര്‍ – ടോട്ടന്‍ഹാം ഹോട്‌സ്പര്‍ – 2026 – 44 ദിവസം

ജാവി ഗ്രാസിയ – ലീഡ്‌സ് യുണൈറ്റഡ് – 2023 – 69 ദിവസം

Content Highlight: Tottenham Hotspur sacked interim manager Igor Tudor after 44 days, his tenure is the fourth-shortest for a manager in the Premier League

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more