ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് രണ്ടാം തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസ്റ്റില്‍ യൂണൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്പര്‍സ് തോല്‍വി എറ്റുവാങ്ങിയത്. ഈ തോൽവിക്ക് പിന്നാലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോശം തുടക്കമാണ് ടോട്ടന്‍ഹാമിന് നേരിടേണ്ടി വന്നത്.
നേരത്തെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ബ്രെന്റ്‌ഫോഡിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ടോട്ടന്‍ഹാം പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ വഴങ്ങിയ സ്പര്‍സിന് ഒരു ഗോള്‍ പോലും എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. 1974-75 സീസണിന് ശേഷം ഇതാദ്യമായാണ് ടോട്ടന്‍ഹാം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാതെ പരാജയപ്പെടുന്നത്.
ന്യൂകാസ്റ്റില്‍ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ രണ്ട് ഗോളുകളും പിറന്നത്.
62ാം മിനിട്ടില്‍ ആന്റണി എലങ്കയാണ് ടീമിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 10 മിനിട്ടുകള്‍ക്ക് ശേഷം യോനെ വിസയിലൂടെ ന്യൂകാസ്റ്റില്‍ രണ്ടാം ഗോളും നേടിയതോടെ സ്പര്‍സ് സീസണിലെ രണ്ടാം തോല്‍വിയിലേക്ക് വീഴുകയായിരുന്നു.
കളിക്കളത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സ്പര്‍സിന് സ്‌കോര്‍ ബോര്‍ഡ് തെളിയിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. 58 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ ടോട്ടന്‍ഹാം 16 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്.
ഇതില്‍ അഞ്ച് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കും ആയിരുന്നു. മറുഭാഗത്ത് ഏഴ് ഷോട്ടുകളില്‍ നിന്നും രണ്ട് ഷോട്ടുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ന്യൂകാസ്റ്റില്‍ യുണൈറ്റഡിന് സാധിക്കുകയും ചെയ്തു.
തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ അവസാന സ്ഥാനത്താണ് ടോട്ടന്‍ഹാം. പ്രിമീയര്‍ ലീഗില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് സ്പര്‍സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റാണ് ടീമിന്റെ എതിരാളികള്‍. ഈ സീസണിലെ ആദ്യ വിജത്തിനായുള്ള കാത്തിരിപ്പ് ഈ മത്സരത്തില്‍ അവസാനിപ്പിക്കാനാവും ടോട്ടന്‍ഹാം ലക്ഷ്യം വെക്കുക.
Content Highlight: Tottenham Hotspur create unwanted record in English primeire league after 1974-75 season