കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍. ധാര്‍മിക നടപടികള്‍ എന്ന് പറഞ്ഞാണ് രാജ്യത്താകെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കേബിളുകള്‍ വിച്ഛേദിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. അതിനിടെയാണ് പൂര്‍ണമായി ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട് നടന്നത്.
ഒരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ ടെലികോം സേവനങ്ങള്‍ തുടരില്ലെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതോടെ വിമാന സര്‍വീസുകളും ടെലിഫോണ്‍ സേവനങ്ങളും താറുമാറായി. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടതായും എട്ട് വിമാനങ്ങള്‍ റദ്ദാക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനില്‍ പൂര്‍ണമായ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ടി’ലൂടെയാണ് കടന്നുപോവുന്നതെന്ന് ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്ക് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റും സാറ്റ്ലൈറ്റ് ടി.വി സേവനങ്ങളും തടസപ്പെട്ടു. കാബൂളിലെ ഓഫീസുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ മാസം തുടക്കത്തില്‍ താലിബാന്‍ നേതാവ് മൗലവി ഹൈബത്തുള്ള അഖുന്ദ്സാദ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ, നിരവധി പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് ഒപ്റ്റിക് കണക്ഷന്‍ നഷ്ടമായിരുന്നു. എന്നാല്‍, 2021ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് പൂര്‍ണമായി ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തുന്നത്.
താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക ശരിഅത്ത് നിയമം നടപ്പാക്കിയിരുന്നു. പിന്നാലെ, ആറ് വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയതുള്‍പ്പടെ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. നിരവധി പുസ്തങ്ങങ്ങളും താലിബാന്‍ സര്‍ക്കാര്‍ അടുത്തിടെ നിരോധിച്ചിരുന്നു.
Content Highlight: Total internet blackout in Afghanistan as Taliban enforces morality measures