മലയാളസിനിമ സ്വപ്‌നതുല്യമായ പല നേട്ടങ്ങളും സ്വന്തമാക്കിയ വര്‍ഷമാണ് 2025. മറ്റ് ഇന്‍ഡസ്ട്രികളിലെല്ലാം 20 കോടിയും 50 കോടിയുമെല്ലാം ആദ്യദിന കളക്ഷന്‍ നേടിയപ്പോള്‍ മലയാളസിനിമക്കും അത് സാധ്യമാക്കാനാകുമെന്നും ഈ വര്‍ഷം സാധിച്ചു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ആദ്യദിനം 50 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി സര്‍വകാല റെക്കോഡിട്ടു.
പിന്നാലെയെത്തിയ മോഹന്‍ലാല്‍ ചിത്രം തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന നേട്ടം സ്വന്തമാക്കി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ അത്രകണ്ട് ശോഭിക്കാനാകാത്ത മോഹന്‍ലാലിന്റെ അതിഗംഭീര തിരിച്ചുവരവിനാണ് ഈ വര്‍ഷം മലയാളസിനിമ സാക്ഷ്യം വഹിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനില്‍ ആദ്യ മൂന്ന് സ്ഥാനത്തും മോഹന്‍ലാല്‍ തന്നെയാണ്. എമ്പുരാന്‍ 68 കോടിയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 15 കോടി നേടി റെക്കോഡിട്ടു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും 17 കോടിയാണ് ഫസ്റ്റ് ഡേ നേടിയ കളക്ഷന്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഹൃദയപൂര്‍വം എട്ട് കോടിയും സ്വന്തമാക്കി.
ഇതോടെ 2025ലെ ഫസ്റ്റ് ഡേ കളക്ഷനില്‍ മോഹന്‍ലാലിന്റെ അപ്രമാദിത്വം തുടരുകയാണ്. മറ്റ് സിനിമകളൊന്നും അഞ്ച് കോടി പോലും നേടിയില്ലെന്ന് അറിയുമ്പോഴാണ് മോഹന്‍ലാലിന്റെ ഡൊമിനേഷന്റെ വലിപ്പം മനസിലാകുന്നത്. നാലരപ്പതിറ്റാണ്ടിലധികമായി ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നില്‍ക്കുന്ന മോഹന്‍ലാല്‍ ബോക്‌സ് ഓഫീസില്‍ സ്വന്തം റെക്കോഡുകള്‍ തകര്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞകുറച്ച് കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.
11 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ത്ത ഹൃദയപൂര്‍വവും ബോക്‌സ് ഓഫീസില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് 15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ക്ബസ്റ്ററിലേക്ക് ഹൃദയപൂര്‍വം കുതിക്കുകയാണ്.
പുതിയ സിനിമകള്‍ കൊണ്ടും റീ റിലീസ് കൊണ്ടും 2025 മോഹന്‍ലാല്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കുതിച്ചപ്പോള്‍ ഛോട്ടാ മുംബൈയുടെ റീ റിലീസ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. അയാളിലെ താരം ഉയരങ്ങളിലേക്കെത്തുമ്പോള്‍ ഇന്‍ഡസ്ട്രിയും വളരുകയാണ്.
Content Highlight: Top three opening collection in 2025 for Mohanlal in Malayalam cinema