| Sunday, 8th June 2025, 9:30 am

പൊതുമാപ്പ് തരാം; രാജ്യം വിട്ട അഫ്ഗാനികളോട് തിരിച്ചുവരാൻ ആവശ്യപ്പെട്ട് താലിബാൻ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂൾ: മുൻ സർക്കാരിന്റെ പതനത്തിനുശേഷം രാജ്യം വിട്ട എല്ലാ അഫ്ഗാനികളോടും തിരികെവരാൻ ആവശ്യപ്പെട്ട് താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ അഖുന്ദ്. രാജ്യം വിട്ട എല്ലാ അഫ്ഗാനികൾക്കും നാട്ടിലേക്ക് മടങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും അവർ തിരിച്ചുവന്നാൽ അവർക്ക് ഒരു ഉപദ്രവവും ഉണ്ടാകില്ലെന്നും പൊതുമാപ്പ് നൽകുമെന്നും താലിബാൻ പ്രധാനമന്ത്രി പറഞ്ഞു.

ഈദ് ദിനത്തിലെ തന്റെ സന്ദേശത്തിലാണ് താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ അഖുന്ദ് പൊതുമാപ്പ് വാഗ്ദാനം ചെയ്തത്.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങൾക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. അമേരിക്കയിൽ സ്ഥിരമായി സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളെയും യൂണിവേഴ്സിറ്റി പഠനം പോലുള്ള കാര്യങ്ങൾക്കായി താത്ക്കാലികമായി യു.എസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന അഫഗാനികൾക്കും ട്രംപിന്റെ ഈ നടപടി വലിയ തിരിച്ചടിയാണ്.

തന്റെ എക്സ് പോസ്റ്റിലൂടെയാണ് അഖുന്ദ് സന്ദേശം പുറത്തുവിട്ടത്. ‘രാജ്യം വിട്ടുപോയ അഫ്ഗാനികൾ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങണം, ആരും അവരെ ഉപദ്രവിക്കില്ല. നിങ്ങളുടെ പൂർവികരുടെ നാട്ടിലേക്ക് തിരിച്ചുവന്ന് സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിക്കൂ,’ അദ്ദേഹം പറഞ്ഞു.

മടങ്ങിയെത്തുന്ന അഫ്ഗാനികൾക്കുള്ള സേവനങ്ങൾ ശരിയായി കൈകാര്യം ചെയ്യാനും അവർക്ക് താമസവും പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അഖുന്ദ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികളെയും അവരുടെ നയങ്ങളെയും വിമർശിച്ച മാധ്യമങ്ങളെ വിമർശിക്കാനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

‘ഇസ്‌ലാമിക വ്യവസ്ഥയുടെ ദീപം അണയാൻ നാം അനുവദിക്കരുത്. മാധ്യമങ്ങൾ തെറ്റായ വിധിന്യായങ്ങൾ ഒഴിവാക്കണം. താലിബാൻ ഭരണകൂടത്തിന്റെ നേട്ടങ്ങളെ കുറച്ചുകാണരുത്. വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, നാം ജാഗ്രത പാലിക്കണം,’ അഖുന്ദ് പറഞ്ഞു.

20 വർഷത്തെ യുദ്ധത്തിനുശേഷം യു.എസും നാറ്റോ സേനയും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതോടെ 2021 ഓഗസ്റ്റ് മധ്യത്തിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തു.

താലിബാൻ ഭരണം കൂട്ട പലായനത്തിന് കാരണമായി. പതിനായിരക്കണക്കിന് അഫ്ഗാനികൾ യു.എസ് സൈനിക എയർലിഫ്റ്റിൽ ഒരു വിമാനം പ്രതീക്ഷിച്ച് വിമാനത്താവളത്തിൽ തടിച്ചുകൂടി. പലരും അതിർത്തി കടന്ന് അയൽരാജ്യങ്ങളായ ഇറാനിലേക്കും പാകിസ്ഥാനിലേക്കും പലായനം ചെയ്തു.

Content Highlight:  Top Taliban official offers amnesty to Afghans who fled country, urges them to return

We use cookies to give you the best possible experience. Learn more