ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍. പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിക്കാര്യത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിയെ കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കരുതെന്നും രാഹുല്‍ തന്നെ അധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ക്കുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ദല്‍ഹിയില്‍ ചേരുന്നത്. . ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി തുടങ്ങിയ കാര്യങ്ങളാണ് സമിതി ചര്‍ച്ച ചെയ്യുക.
52 അംഗങ്ങളാണു സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ട്.
ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവനും രാജിവെച്ചത്, ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മോദിക്കെതിരായ പ്രചാരണത്തിന്റെ പരാജയം, അമേഠിയിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് രാഹുലിനു നിലനിര്‍ത്താനാകാതെ പോയത് തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തും.
തനിക്കാണു തോല്‍വിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞത്. അതേസമയം രാഹുലിനെപ്പോലെതന്നെ പ്രിയങ്കാ ഗാന്ധിയും ഏറെ സമ്മര്‍ദത്തിനടിപ്പെട്ടു കഴിഞ്ഞു. ഫെബ്രുവരിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അവരോധിതയായ പ്രിയങ്ക, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണായകഘടകമാകുമെന്നു വിലയിരുത്തപ്പെട്ടിരുന്നു. പ്രചാരണത്തില്‍ അവരുടെ ഊര്‍ജസ്വലത മറ്റാരേക്കാളും മുന്നില്‍ നില്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രിയങ്കയുടെ ചുമതലയിലുള്ള ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയിലടക്കം പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു.
2014-ല്‍ പാര്‍ട്ടിയുടെ എക്കാലത്തെയും മോശം സീറ്റ് നേട്ടമായ 44-ലേക്കെത്തിയപ്പോള്‍ അന്നത്തെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിവെയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്ന മുറുമുറുപ്പുകളെ അവര്‍ അവഗണിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന എതിര്‍പ്പിന് അന്നത്തേക്കാളേറെ ശബ്ദം കൂടുതലാണ്. രണ്ടുതവണ തുടര്‍ച്ചയായി പൊതുതെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ടത് പാര്‍ട്ടി അണികളിലും അതൃപ്തിയുണ്ടാക്കുന്നുണ്ട്.