| Tuesday, 16th December 2025, 10:46 pm

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഗ്രീന്‍ മുതല്‍ ലിവിങ്‌സ്റ്റണ്‍ വരെ; ഐ.പി.എല്‍ 2026ലെ മിനി താരലേലത്തിലെ വമ്പന്മാര്‍ ഇവര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026നോട് അനുബന്ധിച്ച് നടന്ന മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. 77 സ്ലോട്ടുകളിലേക്കുള്ള താരങ്ങള്‍ക്ക് വേണ്ടി 10 ഫ്രാഞ്ചൈസികളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. മിനി താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (64.3) ചെന്നൈ സൂപ്പര്‍ കിങ്‌സുമായിരുന്നു (43.40 കോടി). ഇരുവരും താരങ്ങള്‍ക്ക് വേണ്ടി മികച്ചരീതിയിലായിരുന്നു വടംവലിച്ചത്.

അതേസമയം 2026ലെ മിനി ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനാണ്. 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയാണ് താരത്തെ സ്വന്തമാക്കിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച രണ്ടാമത്തെ താരം ശ്രീലങ്കന്‍ പേസ് ബൗളര്‍ മഹീഷ പതിരാനയായിരുന്നു. 18 കോടി രൂപയ്ക്ക് കൊല്‍ക്കത്ത തന്നെയായിരുന്നു താരത്തെ സ്വന്തമാക്കിയത്.

മികച്ച രണ്ട് ഓവര്‍സീസ് താരങ്ങളെ കൊല്‍ക്കത്ത റാഞ്ചിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14.2 കോടിക്ക് യുവ താരങ്ങളായ കാര്‍ത്തിക് ശര്‍മയേയും പ്രശാന്ത് വീറിനേയുമാണ് ടീമിലെത്തിച്ചത്. സീസണില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന മൂന്നാമത്തെ താരങ്ങളാണിവര്‍.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച അണ്‍ ക്യാപ്ഡ് താരങ്ങളായും ഈ യുവ താരങ്ങള്‍ പ്രശ്‌സതി നേടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 20 വയസുകാരനായ പ്രശാന്ത് വീര്‍ ഇടംകയ്യന്‍ ഓള്‍ റൗണ്ടറാണ്. 19കാരനായ കാര്‍ത്തിക് ശര്‍മ രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. ആഭ്യന്തര മത്സരങ്ങളില്‍ താരങ്ങള്‍ നടത്തിയ മിന്നും പ്രകടനം ചെന്നൈ സൂപ്പര്‍ കിങ്‌സിലും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച അഞ്ചാമത്തെ താരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്‌സറ്റനാണ്. ആദ്യ ഘട്ടത്തില്‍ അണ്‍സോള്‍ഡായ താരത്തെ പിന്നീട് രണ്ടാം ഘട്ടത്തില്‍ 13 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

Content Highlight: Top 5 players who got the most money in the 2026 IPL mini star auction

We use cookies to give you the best possible experience. Learn more