| Thursday, 24th July 2025, 10:35 pm

ഫഹദിന് ഇഷ്ടപ്പെട്ട ആ അഞ്ച് സിനിമകളെ കുറിച്ചറിയാം

ഹണി ജേക്കബ്ബ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ് ഫഹദ് ഫാസില്‍. ട്രെന്‍ഡിങ്ങിന് കാരണമായതോ, തനിക്ക് മോഹന്‍ലാലിന്റെ സീസണ്‍ എന്ന സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതും. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കിഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ പേര് പറയാന്‍ അവതാരകന്‍ ഫഹദിനോട് ആവശ്യപ്പെടുകയായിരുന്നു. മിലി, ജോണി, സീസണ്‍, മലേന, ഇല്‍ പോസ്റ്റിനോ എന്നിവയായിരുന്നു ഫഹദ് പറഞ്ഞ ആ ചിത്രങ്ങള്‍. ഫഹദിന്റെ ക്ലാസിക് മൂവിസിനെ കുറിച്ച് കൂടുതല്‍ അറിയാം

മിലി (1975)

ജീവിതത്തോടുള്ള കാഴ്ചപ്പാട് എങ്ങനെ ഒരു വ്യക്തിയുടെ ലോകത്തെ മാറ്റിമറയ്ക്കാന്‍ കഴിയുമെന്ന് കാണിച്ചുതരുന്ന മനോഹരമായ ചലച്ചിത്രാവിഷ്‌ക്കരമാണ് മിലി. ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത സിനിമ, രോഗംകൊണ്ട് ബുദ്ധിമുട്ടുമ്പോഴും സന്തോഷം അന്വേഷിക്കുന്ന മിലി എന്ന യുവതിയുടെയും മിലിയുടെ സാമീപ്യം കാരണം ജീവിതത്തോട് പ്രണയം തോന്നുന്ന വിഷാദിയായ ശേഖര്‍ എന്ന യുവാവിന്റെയും കഥയാണ് പറയുന്നത്. എസ്.ഡി. ബര്‍മന്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനങ്ങളുള്ള ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നായി കാണാക്കപ്പെടുന്നു.

ജോണി (1980)

സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഇരട്ടവേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് ജോണി. ജെ. മഹേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ക്രൈം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയത്. ചെറുകിട തട്ടിപ്പുകളെല്ലാം നടത്തുന്ന ജോണിയുടെയും ബാര്‍ബറായ വിദ്യാസാഗറിന്റെയും ജീവിതത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഗായിക അര്‍ച്ചനയായുള്ള ശ്രീദേവിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇളയരാജ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ആസൈയെ കാറ്റിലെ’, ‘കാറ്റില്‍ എന്തന്‍’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ജനപ്രിയമാണ്. നൂറ് ദിവസങ്ങള്‍ക്ക് മുകളില്‍ തിയേറ്ററില്‍ ഓടിയ ചിത്രം രജിനികാന്തിന്റെ അഭിനയ മികവിനെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയ ചുരുക്കം ചില സിനിമകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

സീസണ്‍ (1989)

റിലീസ് സമയത്ത് വലിയ വാണിജ്യവിജയം നേടിയില്ലെങ്കിലും പിന്നീട് മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കുന്ന ചിത്രമാണ് സീസണ്‍. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മോഹന്‍ലാലും ഗാവിന്‍ പാക്കാര്‍ഡുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. പത്മരാജന്റെ പതിവ് റിയലിസ്റ്റിക് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലര്‍ സ്വഭാവമുള്ള കഥയാണ് സീസണ്‍. പ്രതികാരദാഹിയായ ജീവന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ വളരെ തന്മയത്വത്തോടെ അവതരിച്ചപ്പോള്‍ പ്രേക്ഷകരുടെ ഉള്ളുലഞ്ഞു. ഫേബിയന്‍ റാമിറെസ് എന്ന വില്ലന്‍ വേഷത്തിലായിരുന്നു ഗാവിന്‍ പാക്കാര്‍ഡ് അഭിനയിച്ചത്.

മലേന(Malèna 2000)

മോണിക്ക ബെല്ലൂച്ചിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമാണ് മലേന. 2000ത്തില്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ഡ്രാമ ചിത്രമാണിത്. പ്രശസ്ത സംവിധായകന്‍ ഗ്യൂസെപ്പെ ടോര്‍ണാറ്റോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. പതിമൂന്ന് വയസുകാരനായ റെനാറ്റോ എന്ന കൗമാരക്കാരന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പട്ടണത്തിലെ ഏറ്റവും സുന്ദരിയായ മലേന സ്‌കോര്‍ഡിയ എന്ന യുവതിയോടുള്ള റെനാറ്റോയുടെ താത്പര്യമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൗന്ദര്യം ഒരു സ്ത്രീക്ക് ഭാരമാകുന്നതും ഒറ്റക്കാകുന്ന സ്ത്രീകളെ സമൂഹം എങ്ങനെ നോക്കികാണുന്നുവെന്നും കൗമാരക്കാരന്റെ ലൈംഗിക ചിന്തകളുമെല്ലാം ചിത്രം കാണിച്ചുതരുന്നു. ലോക സിനിമയിലെ തന്നെ ക്ലാസിക്കുകളില്‍ ഒന്നായാണ് മലേനയെ വാഴ്ത്തുന്നത്. മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തില്‍ ചിത്രം ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്.

ഇല്‍ പോസ്റ്റിനോ (Il Postino 1994)

അര്‍ഡിയന്റേ പാസിയന്‍സിയ (Ardiente paciencia) എന്ന നോവലിനെ ആസ്പദമാക്കി മൈക്കിള്‍ റാഡ്‌ഫോര്‍ഡ് സംവിധാനം ചെയ്ത ചിത്രമാണ് ഇല്‍ പോസ്റ്റിനോ. ദി പോസ്റ്റ്മാന്‍ എന്നും ചിത്രം അറിയപ്പെടുന്നുണ്ട്. 1950കളില്‍ ഇറ്റലിയിലെ പ്രൊസീഡ എന്ന ചെറിയ ദ്വീപിലാണ് കഥ നടക്കുന്നത്. ദ്വീപിലെ ഒരു സാധാരണക്കാരനായ മാരിയോ റുവോപ്പോളോ ആണ് കഥാനായകന്‍. മത്സ്യത്തൊഴിലാളിയായുള്ള ജീവിതത്തില്‍ തൃപ്തനല്ലാത്ത മാരിയോക്ക് തപാല്‍ക്കാരനായി ജോലി ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നെരൂദയുടെ കവിതകള്‍ക്കും ചിത്രത്തില്‍ അത്ര ചെറുതല്ലാത്ത വേഷമുണ്ട്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, അവലംബിത തിരക്കഥ എന്നിങ്ങളെ 1996ലെ അക്കാദമി അവാര്‍ഡില്‍ ഇല്‍ പോസ്റ്റിനോ അഞ്ച് നോമിനേഷനുകള്‍ നേടി. സാഹിത്യവും ജീവിതവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനോഹരമായി കാണിച്ചുതരുന്ന ഒരു ക്ലാസിക് സിനിമയാണ് ഇല്‍ പോസ്റ്റിനോ.

Content Highlight: Top 5 movie pics of Fahad Faasil

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more