| Friday, 25th July 2025, 6:44 pm

ഗവാസ്‌കര്‍ മുതല്‍ ജെയ്‌സ്വാള്‍ വരെ! ഇംഗ്ലണ്ടിനെ പിടിച്ചുകുലുക്കിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ആദര്‍ശ് എം.കെ.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഇരുടീമിന്റെയും താരങ്ങളുടെ മുന്നേറ്റം.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കിയാണ് യുവതാരം യശസ്വി ജെയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരെ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് ജെയ്‌സ്വാള്‍ തിളങ്ങുന്നത്. വെറും 16 ഇന്നിങ്‌സില്‍ നിന്നുമാണ് ഇന്ത്യന്‍ ഓപ്പണര്‍ ഈ നേട്ടത്തിലെത്തിയത്.

ആയിരമടിച്ചിട്ടും ജെയ്‌സ്വാള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനല്ല. ഈ റെക്കോഡ് പട്ടികയില്‍ ഇടം നേടിയ അഞ്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആരെന്ന് നോക്കാം,

#5 മുരളി വിജയ്

ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുരളി വിജയ് ഇടം പിടിച്ചിരിക്കുന്നത്. 21 ഇന്നിങ്‌സില്‍ നിന്നും 756 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 36 ശരാശരിയിലാണ് മുരളി വിജയ് സ്‌കോര്‍ ചെയ്തത്.

#4 യശസ്വി ജെയ്‌സ്വാള്‍

ടെസ്റ്റ് ഫോര്‍മാറ്റില്‍ അതിവേഗം ഇംഗ്ലണ്ടിന്റെ ചിരവൈരിയായി മാറിയാണ് ജെയ്‌സ്വാള്‍ ആരാധകരുടെ കയ്യടി നേടിയത്. വെറും 16 ഇന്നിങ്‌സില്‍ നിന്നും ത്രീ ലയണ്‍സിനെതിരെ 1000 റണ്‍സ് മാര്‍ക് പിന്നിട്ട താരം, ഏറ്റവും വേഗത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. 66.86 എന്ന അവിശ്വസനീയ ബാറ്റിങ് ശരാശരിയില്‍ മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 1003 റണ്‍സാണ് ജെയ്‌സ്വാളിന്റെ സമ്പാദ്യം.

#3 രോഹിത് ശര്‍മ

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുള്ളത്. 13 മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്നും 1113 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. നാല് സെഞ്ച്വറിയും അത്ര തന്നെ അര്‍ധ സെഞ്ച്വറിയും നേടിയ താരം 50.59 എന്ന ബാറ്റിങ് ശരാശരിയിലാണ് ബാറ്റ് വീശുന്നത്.

യശസ്വി ജെയ്‌സ്വാള്‍ റെഡ് ഹോട്ട് ഫോമില്‍ തുടരുന്നതിനാല്‍ അധികം വൈകാതെ രോഹിത്തിന് മൂന്നാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് പടിയിറങ്ങേണ്ടി വന്നേക്കും.

#2 കെ.എല്‍. രാഹുല്‍

ഈ പരമ്പരയില്‍ ജെയ്‌സ്വാളിന്റെ ഓപ്പണിങ് പാര്‍ട്ണറായ കെ.എല്‍. രാഹുലാണ് ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ രണ്ടാമന്‍. 15 മത്സരത്തിലെ 27 ഇന്നിങ്‌സില്‍ നിന്നും 1251 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 46.33 ശരാശരിയില്‍ ബാറ്റ് വീശുന്ന രാഹുല്‍ ഇംഗ്ലീഷ് പടയ്‌ക്കെതിരെ അഞ്ച് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

#1 സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ പ്രധാനിയായ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കറാണ് ഈ റെക്കോഡില്‍ ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത 37 മത്സരത്തിലെ 66 ഇന്നിങ്‌സില്‍ നിന്നും 38.20 ശരാശരിയില്‍ ഗവാസ്‌കര്‍ 2483 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. നാല് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയുമാണ് ഗവാസ്‌കറിന്റെ ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നത്.

Content Highlight: Top 5 Indian openers with most Test runs against England

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more