കൊച്ചി: സംസ്ഥാനത്ത് നിരോധിക്കപ്പെട്ട രാസലഹരികള്‍ ഇത്രത്തോളം വ്യാപകമായത് സര്‍ക്കാരുകളുടെ പിടിപ്പുകേട് മൂലമാണെന്ന് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ്. സര്‍ക്കാരുകളുടെ മുന്‍കാല വീഴ്ചകള്‍ തിരുത്തിയുള്ള ഇപ്പോഴത്തെ ലഹരിവിരുദ്ധ നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂമാന്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ കലൂര്‍ ജ്യോതിസില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ – പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യവും സാധ്യതകളും’ എന്ന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതി സമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ലഹരിയുടെ വേരറുക്കാന്‍ ഈ പ്രവര്‍ത്തനം തുടരണം. രാസലഹരികള്‍ക്കൊപ്പം തന്നെ വിനാശകരമായ മദ്യത്തിനെതിരെയും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മദ്യം വ്യാപകമാക്കുന്ന നയങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നിരോധിക്കപ്പെട്ട രാസ ലഹരികളാണ് കേരളത്തില്‍ ഇത്രമാത്രം വ്യാപകമായത് എന്നുള്ളത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണ്. ഇതുവരെ സര്‍ക്കാരുകള്‍ എന്ത് ചെയ്യുകയായിരുന്നു. ഇപ്പോള്‍ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്ന് പറയുന്ന വിധത്തിലുള്ള പ്രവര്‍ത്തനം സ്വാഗതാര്‍ഹമാണ്.
തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതി വലിയ ചലനം സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുണ്ട് .അത് തുടരണം. ലഹരിയുടെ തായ് വേരുകള്‍ അറുത്തു മാറ്റണം,’ സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.
ന്യൂമാന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ. എം. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ചാര്‍ളി പോള്‍, ബാബു പി. ജോണ്‍, ഡയാന ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തി.
റവ. ഡോ. ഇ. പി. മാത്യു (സുപ്പീരിയര്‍, കലൂര്‍ ജ്യോതിസ് ഭവന്‍), റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് (ന്യൂമാന്‍ ചാപ്ലിന്‍), ജോസഫ് ആഞ്ഞിപറമ്പില്‍ (ജനറല്‍ സെക്രട്ടറി), അഡ്വ. റോയ് ചാക്കോ, സാബു ജോസ് (വൈസ് പ്രസിഡന്റുമാര്‍) എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
Toofan’ is creating a major impact, drug roots must be eradicated; Justice Cyriac Joseph