| Friday, 10th July 2026, 11:15 am

വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ വൈകിപോയി: ഗസ വിഷയത്തിലെ ലേബര്‍ പാര്‍ട്ടിയുടെ നിലപാടില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ആന്‍ഡി ബേണ്‍ഹാം

നിഷാന. വി.വി

ലണ്ടന്‍: ഗസയിലെ ഇസ്രഈല്‍ വംശഹത്യയോടുള്ള ലേബര്‍ പാര്‍ട്ടിയുടെ നിലപാടില്‍ ക്ഷാമപണം നടത്തി പ്രമുഖ നേതാവ് ആന്‍ഡി ബേണ്‍ഹാം. ഗസ വിഷയത്തില്‍ പാര്‍ട്ടിയുടെ സമീപനം ശരിയായില്ലെന്നും ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതില്‍ യു.കെ വളരെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന യു.കെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് ബേണ്‍ഹാം. തന്റെ പാര്‍ട്ടി ഗസ വിഷയം ശരിയായി മനസിലാക്കിയില്ലെന്നും അതില്‍ ഖേദമുണ്ടെന്നും പ്രതികരണം പലപ്പോഴും മികച്ചതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുകയാണെന്നും വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും കുടിയേറ്റക്കാരുടെ അക്രമത്തിലുള്ള വര്‍ധനവ് നാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നെതന്യാഹുവിന്റെ സര്‍ക്കാര്‍ ദ്വിരാഷ്ട്ര പരിഹാരം അസാധ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു. ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അത്തരം കേന്ദ്രങ്ങളുമായുള്ള വ്യാപാരം നിരോധിക്കുന്നതും പരിഗണിക്കുമെന്നും ബേണ്‍ഹാം കൂട്ടിച്ചേര്‍ത്തു.

‘ഇസ്രഈല്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നമ്മള്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. അതെ, നമ്മള്‍ ചില സുപ്രധാന ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍, ഗസയില്‍ ഒരു വെടിനിര്‍ത്തലിനായി ആവശ്യപ്പെടുന്നതില്‍ യു.കെ വളരെ വൈകിപ്പോയി. നമ്മുടെ സമീപനം കൂടുതല്‍ ശക്തമാക്കാന്‍ നമ്മള്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം ഗസയില്‍ നടക്കുന്നത് ‘വംശഹത്യ ആണെന്ന് വിശേഷിപ്പിക്കാന്‍ ഇടത് പക്ഷത്തുനിന്നുള്ള ശക്തമായ ആവശ്യമുണ്ടായിട്ടും ബേണ്‍ഹാം അതിന് തയ്യാറായില്ല. അവിടെ യുദ്ധക്കുറ്റങ്ങള്‍ നടന്നതിനായുള്ള തെളിവുകള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, അത് വംശഹത്യയാണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ല, മറിച്ച് അന്താരാഷ്ട്ര കോടതികളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഗസയിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ദൃശ്യങ്ങളും എന്നെ കടുത്ത ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്. അവിടെ യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഗസയിലെ ജനങ്ങള്‍ അനുഭവിച്ച കടുത്ത ദുരിതങ്ങള്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടായേ തീരൂ,’ അദ്ദേഹം പറഞ്ഞു.

കൂടാതെ, യു.കെയില്‍ വര്‍ധിച്ചുവരുന്ന ജൂതവിരുദ്ധതയോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനൊപ്പം തന്നെ നെതന്യാഹു സര്‍ക്കാരിനെ അതിന്റെ തെറ്റായ നടപടികള്‍ക്ക് വിചാരണ ചെയ്യുന്നതിലും യാതൊരു വിരുദ്ധതയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ എപ്പോഴും ഈ വിഷയത്തില്‍ നീതിപൂര്‍വ്വമായ ഒരു നിലപാടായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഗസയിലെ മാനുഷിക സാഹചര്യം നമ്മുടെ കൂട്ടായ മനസ്സാക്ഷിക്കേറ്റ മുറിവാണെന്നും നിരപരാധികളായ ഫലസ്തീനികള്‍ ഇപ്പോഴും കൊല്ലപ്പെടുന്നുണ്ടെന്നും ആവശ്യത്തിന് സഹായങ്ങള്‍ അവിടെ എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങളെയും നിയമവിരുദ്ധ കുടിയേറ്റങ്ങളെയും അപലപിച്ച അദ്ദേഹം ഇസ്രഈല്‍ സൈന്യം തങ്ങളുടെ നിയന്ത്രണ മേഖലകള്‍ വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

Content Highlight:vToo late to call for a ceasefire; Andy Burnham publicly expresses regret over the Labour Party’s stance on the Gaza issue.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more