| Friday, 21st August 2026, 10:32 pm

2026ലെ ബാലൺ ഡി ഓർ അവാർഡ് അവന് നൽകണം: ടോണി ക്രൂസ്

സുദേവ് എ

2026ലെ ബാലൺ ഡി ഓർ അവാർഡ് നേടാൻ ഏറ്റവും അർഹതപ്പെട്ട താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജർമൻ ഇതിഹാസം ടോണി ക്രൂസ്. ഈ സീസണിലെ ബാലൺ ഡി ഓർ പാരീസ് സെയ്ന്റ് ജെർമെയ്ൻ താരം ക്വിച്ച ക്വാരറ്റ്സ്ഖേലിയക്ക് നൽകണമെന്നാണ് ടോണി ക്രൂസ് പറഞ്ഞത്. എന്നാൽ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ജർമൻ ഇതിഹാസം വ്യക്തമാക്കി. ഫ്ലോറിയൻ മാൽബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ബാലൺ ഡി ഓർ ക്വിച്ച ക്വാരറ്റ്സ്ഖേലിയക്ക് നൽകണം. എന്നാൽ അത് സംഭവിക്കാനുള്ള സാധ്യത കുറവാണ്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം തന്നെയാണ് ഒന്നാം നമ്പർ. ലോകകപ്പിലെ മികച്ച താരങ്ങൾ മെസി, ജൂഡ്, എംബാപ്പെ, റോഡ്രി എന്നിവരാണ്. എന്നാൽ അവരുടെ ക്ലബ്ബ് സീസൺ അത്ര മികച്ചതായിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ക്വിച്ച’, ടോണി ക്രൂസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് ക്വിച്ച. 16 മത്സരങ്ങളിൽ നിന്നും 10 തവണയാണ് താരം എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. ഏഴ് തവണ താരം തന്റെ സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ പി.എസ് ജിക്ക് വേണ്ടി 48 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19 ഗോളുകളും 11 അസിസ്റ്റുകളും ആണ് നേടിയത്. ഒരു ഘട്ടത്തിൽ ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരമെന്ന് വിലയിരുത്തിയ ക്വിച്ച പിന്നീട് പുറകോട്ട് പോവുകയായിരുന്നു.

നിലവിൽ ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, റോഡ്രി, ലയണൽ മെസി എന്നിവരാണ് മുൻനിരയിലുള്ളത്. ബാലൺ ഡി ഓർ വിജയിയെ ഒക്ടോബർ 30നാണ് തെരഞ്ഞെടുക്കുക. ഇത്തവണ ബാലൺ ഡി ഓറിന് പുതിയ അവകാശിയുണ്ടാവുമോയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Toni Kroos has revealed who the player most deserves to win the 2026 Ballon d’Or award

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more