18ാമത് ഐ.പി.എല്‍ സീസണിന് തിരശ്ശീല വീണിരിക്കുകയാണ്. പുതിയ ജേതാവുമായാണ് ഈ സീസണ്‍ അവസാനിച്ചത്. കിരീടമില്ലെന്ന പരിഹാസത്തിന് മറുപടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് ആര്‍.സി.ബി. പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയത്.
ബെംഗളൂരുവിന്റെ വിജയത്തില്‍ പരിശീലകന്‍ ആന്‍ഡി ഫ്‌ളവറിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും സണ്‍ റൈസേഴ്‌സ് ഹൈദരബാദിന്റെ പരിശീലകനുമായ ടോം മൂഡി. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും നിരവധി ടീമുകളെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ആന്‍ഡി ഫ്‌ളവറെന്ന് ടോം മൂഡി അഭിപ്രായപ്പെട്ടു.
അദ്ദേഹം ശരിക്കുമൊരു ചാമ്പ്യനാണെന്നും ടീം കിരീടം നേടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും ടോം മൂഡി പറഞ്ഞു. കളിക്കാരുടെ പൊട്ടന്‍ഷ്യല്‍ മനസിലാക്കി അതിനെ ശരിക്ക് ഉപയോഗിച്ച പരിശീലകന്‍ കൂടിയാണ് ആന്‍ഡി ഫ്‌ളവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍. ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആന്‍ഡി ഫ്‌ളവര്‍ ശരിക്കുമൊരു ചാമ്പ്യനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഒരുപാട് ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഈ നേട്ടവും അദ്ദേഹത്തിന്റെ കരിയറില്‍ പുതിയൊരു അലങ്കാരമാണ്. ലഖ്‌നൗവിനൊപ്പമുള്ള രണ്ട് വര്‍ഷം അദ്ദേഹത്തിന് അത്ര നല്ലതായിരുന്നില്ല. ആ ടീമില്‍ നിന്ന് അദ്ദേഹം പിന്നീട് മാറുകയായിരുന്നു.
ബെംഗളൂരുവിലെത്തിയ ശേഷം അദ്ദേഹം എല്ലാ കളിക്കാരുടെയും പൊട്ടന്‍ഷ്യല്‍ മനസിലാക്കി അതിനെ കൃത്യമായി ഉപയോഗിച്ചു. എല്ലാ ടാലന്റുകളെയും ഒന്നിച്ച് ഒരു പേജിലെത്തിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ബെംഗളൂരുവിന്റെ ഈ സീസണിലെ പ്രകടനത്തില്‍ കാണാന്‍ സാധിച്ചത്. കിരീടം നേടിയതില്‍ ആന്‍ഡി ഫ്‌ളവറിന്റെ പങ്ക് ചെറുതല്ല,’ ടോം മൂഡി പറയുന്നു.
കളിക്കാരനായും പരിശീലകനായും മികച്ച നേട്ടങ്ങള്‍ സ്വന്തമായുള്ളയാളാണ് ആന്‍ഡി ഫ്‌ളവര്‍. സിംബാബ്‌വെക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ആന്‍ഡി ഫ്‌ളവര്‍ 2008ല്‍ ഇംഗ്ലണ്ടിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. 2010ല്‍ ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. 2019ല്‍ അബുദാബി ടി10ല്‍ മറാത്ത അറേബ്യന്‍സ്, 2021ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില് മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, 2023ല്‍ ഇംഗ്ലണ്ടിന്റെ ആഷസ് വിജയം എന്നിവയില്‍ ആന്‍ഡി ഫ്‌ളവറിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു.
Content Highlight: Tom Moody praises RCB coach Andy Flower after IPL final