| Tuesday, 30th September 2025, 10:19 am

കഥ മാറ്റിയെന്നാണ് രൂപേഷ് പറയുന്നതെങ്കില്‍ ആ പ്രൊമോ സോങ് ഇറക്കേണ്ട ആവശ്യമില്ലല്ലോ, പടത്തിന് മുമ്പ് ഷൂട്ട് ചെയ്തതാണത്: ടോം ഇമ്മട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു മെക്‌സിക്കന്‍ അപാരതയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 2017ല്‍ പുറത്തിറങ്ങിയ ചിത്രം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. മഹാരാജാസ് കോളേജില്‍ കെ.എസ്.യുവിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് എസ്.എഫ്.ഐ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കഥയാണ് കാണിച്ചത്.

എന്നാല്‍ യഥാര്‍ത്ഥ കഥ അതല്ലെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തില്‍ വില്ലനായി വേഷമിട്ട രൂപേഷ് പീതാംബരന്‍ രംഗത്തെത്തിയിരുന്നു. കെ.എസ്.യുവിന്റെ കഥയായാണ് മെക്‌സിക്കന്‍ അപാരത എഴുതിയതെന്നും കൊമേഴ്‌സ്യല്‍ വിജയത്തിനായി താനാണ് കഥ തിരിച്ചിടാന്‍ ആവശ്യപ്പട്ടതെന്നും രൂപേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ രൂപേഷ് പീതാംബരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ടോം ഇമ്മട്ടി.

ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പാണ് പ്രൊമോ സോങ് ചിത്രീകരിച്ചതെന്നും കടം വാങ്ങിയ പൈസക്കാണ് ആ പാട്ട് ഷൂട്ട് ചെയ്തതെന്നും ടോം ഇമ്മട്ടി പറഞ്ഞു. ആ സമയത്ത് പ്രൊഡ്യൂസറുണ്ടായിരുന്നില്ലെന്നും കഥ മാറ്റിയതാണെങ്കില്‍ ആ പ്രൊമോയുടെ ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് മലയാളം 24 * 7നോട് സംസാരിക്കുകയായിരുന്നു ടോം ഇമ്മട്ടി.

‘ആ പടം എന്റെ കോളേജില്‍ നടന്ന കഥയാണ്. ക്രൈസ്റ്റ് കോളേജിലും സെന്റ് തോമസ് കോളേജിലുമായാണ് പഠിച്ചത്. ക്രൈസ്റ്റ് കോളേജില്‍ നടന്ന സംഭവമാണ് സിനിമക്ക് ആധാരം. അവിടെ ഷൂട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, ക്രൈസ്റ്റ് പിന്നീട് ഡെവലപ്പ് ചെയ്തപ്പോള്‍ അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്തെ കഥയായി ഈ സിനിമ ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ പഴയകാല ലുക്കുള്ള ഒരു കോളേജിന് വേണ്ടിയുള്ള അന്വേഷണം മഹാരാജാസില്‍ അവസാനിച്ചു. പിന്നീട് ലൊക്കേഷന്‍ ഷിഫ്റ്റായപ്പോള്‍ മഹാരാജാസിലേക്ക് കഥ പേസ്റ്റ് ചെയ്തു. പടത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരുമാസം മുമ്പാണ് പ്രൊമോ സോങ് ഷൂട്ട് ചെയ്തത്.

അന്ന് പ്രൊഡ്യൂസറൊന്നും ഉണ്ടായില്ല. അപ്പോഴും ഈ കഥ എസ്.എഫ്.ഐയുടേതാണ്. അപ്പോപ്പിന്നെ രൂപേഷേട്ടന്‍ പറഞ്ഞതില്‍ വസ്തുതയില്ലല്ലോ. പടം ഹിറ്റാകാന്‍ വേണ്ടി കഥ മാറ്റിയതാണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. യൂ ടൂ ബ്രൂട്ടസിന്റെ സെറ്റില്‍ വെച്ച് ഞാന്‍ ഈ കഥ രൂപേഷേട്ടനോട് പറഞ്ഞിരുന്നു. ആ പടത്തില്‍ ഞാനായിരുന്നു അസിസ്റ്റന്റ്. കഥ ഓടണമെങ്കില്‍ മാറ്റേണ്ടി വരുമെന്ന് രൂപേഷേട്ടന്‍ അന്ന് പറഞ്ഞില്ല. എല്ലാം നിങ്ങള്‍ക്ക് നോക്കാവുന്നതാണ്,’ ടോം ഇമ്മട്ടി പറയുന്നു.

Content Highlight: Tom Immatty on the controversies related to Oru Mexican Aparatha movie

We use cookies to give you the best possible experience. Learn more