പ്രതീക്ഷയോടെയെത്തിയ ചിത്രങ്ങള്‍ പലതും നിരാശ സമ്മാനിച്ച ഫേസ് സിക്‌സിന് ശേഷം മാര്‍വലിന്റെ ഫേസ് സെവന് തുടക്കമായിരിക്കുകയാണ്. ഫന്റാസ്റ്റിക് ഫോറിലൂടെയാണ് ഏഴാമത്തെ ഫേസിന് തുടക്കമായത്. എന്നാല്‍ ഈ ഫേസിലെ അടുത്ത തിയേറ്റര്‍ റിലീസ് 2026ല്‍ മാത്രമേ ഉണ്ടാകുള്ളൂ. ഇതിനിടയില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരീസുകളാണ് പുറത്തിറങ്ങാനുള്ളത്.
അടുത്ത വര്‍ഷം മാര്‍വലിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. 2021ല്‍ പുറത്തിറങ്ങിയ നോ വേ ഹോമിന് ശേഷം സ്‌പൈഡര്‍ മാന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ സ്‌പൈഡര്‍ മാന്റെ എതിരാളിയെക്കുറിച്ച് സംസാരിക്കുകയാണ് ടോം ഹോളണ്ട്.
നെഗറ്റീവ് കഥാപാത്രം ആരാണെന്ന് തുറന്നുപറഞ്ഞില്ലെങ്കിലും ചെറിയൊരു സൂചന മാത്രമാണ് ടോം പുറത്തുവിട്ടത്. ഒരേസമയം സിപിളായിട്ടുള്ളതും നീചമായിട്ടുള്ളതുമായ ആളാണ് എതിരാളിയെന്ന് മാത്രമേ ടോം പറഞ്ഞുള്ളൂ. ഇതിന് പിന്നാലെ ആരെയാണ് താരം ഉദ്ദേശിച്ചതെന്ന തരത്തില്‍ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
കോമിക്കിലെ ഏറ്റവും ശക്തനായ കഥാപാത്രങ്ങളിലൊന്നായ സ്‌പൈഡര്‍ സ്ലേയര്‍ (അലിസ്റ്റര്‍ സ്മിത്ത്) ആണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. മറ്റൊരു ശക്തനായ കഥാപാത്രമായ ടോംബ്‌സ്‌റ്റോണായേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സ്ത്രീ കഥാപാത്രമായേക്കും സ്‌പൈഡര്‍ മാന്റെ എതിരാളിയെന്നും കേള്‍ക്കുന്നു.
രൂപമാറ്റം നടത്താന്‍ കഴിവുള്ള സ്ത്രീ കഥാപാത്രമാണ് പ്രധാന എതിരാളിയാണ് ബ്രാന്‍ഡ് ന്യൂ ഡേയിലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മിസ്റ്റീക്ക്, ലൈജ, കോപ്പികാറ്റ് എന്നിവരില്‍ ഒരാളായേക്കാമെന്ന് കേള്‍ക്കുന്നു. മള്‍ട്ടിവേഴ്‌സിന്റെ നൂലാമാലകള്‍ കാരണം ഇത്തവണയും പീറ്റര്‍ പാര്‍ക്കര്‍ പാടുപെടുമെന്നാണ് കരുതുന്നത്.
മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലൈവ് ലൊക്കേഷനുകളിലാണ് ബ്രാന്‍ഡ് ന്യൂ ഡേ ചിത്രീകരിക്കുന്നത്. ലണ്ടന്‍ ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ഷൂട്ടിനിടെ ടോം ഹോളണ്ടിന് അപകടം നേരിട്ടെങ്കിലും താരം അധികം വൈകാതെ സെറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Tom Holland gives hint about the antagonist in Spider Man Brand New Day