| Saturday, 6th June 2026, 7:40 pm

ഇതൊരു ട്രെയിലര്‍ മാത്രം; ദല്‍ഹിയിലെ പ്രതിഷേധത്തെക്കുറിച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധത്തിന് ശേഷം രാജ്യത്ത് കൂടുതല്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമെന്ന് സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). ഇന്നത്ത പ്രതിഷേധ പരിപാടി അവസാനിച്ചതിന് ശേഷം സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് പുതിയ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് സൂചനയുള്ളത്.

ഒരു ട്രെയിലര്‍ മാത്രമാണ് ഇന്നത്തെ പ്രതിഷേധം എന്ന് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ ദീപ്‌കെ പറഞ്ഞത്. ഇത് കൂടുതല്‍ വിപുലമായ പ്രതിഷേധ പരിപാടികളിലേക്ക് അടക്കം സി.ജെ.പി മുന്നോട്ട് പോകാനൊരുങ്ങുന്നു എന്നതിന്റെ സൂചിപ്പിക്കുന്നു.

താന്‍ ഇനി മാതാപിതാക്കളെ കാണാന്‍ പോവുകയാണെന്നും എക്‌സ് പോസ്റ്റില്‍ ദീപ്‌കെ പറഞ്ഞു.
സി.ജെ.പി രൂപീകരിച്ച ശേഷം ഭീഷണികള്‍ കാരണം തന്റെ മാതാപിതാക്കള്‍ക്ക് അവരുടെ വീട് വിട്ട് പോകേണ്ടി വന്നുവെന്നും ഇനി അവരെ തിരികെ വീട്ടിലെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ മാതാപിതാക്കളെ കാണാന്‍ പോവുകയാണ്. ഒരു വര്‍ഷത്തിലധികമായി അവരെ കണ്ടിട്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ അവര്‍ക്ക് ധാരാളം സഹിക്കേണ്ടി വന്നു. ഭീഷണികള്‍ കാരണം അവര്‍ക്ക് വീട് വിട്ട് പോവേണ്ടി വന്നു. ഞാന്‍ അവരെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാന്‍ പോവുകയാണ്,’ എക്‌സ് പോസ്റ്റില്‍ പറയുന്നു.

‘നിങ്ങളുടെ അറിവിലേക്ക്, ഇന്നത്തെ പ്രതിഷേധം ഒരു ട്രെയിലര്‍ മാത്രമാണ്. വലിയ ജനസഞ്ചയമാവാന്‍ അവിടെ എത്തിച്ചേര്‍ന്നതിന് നിങ്ങള്‍ക്കെല്ലാം നന്ദി,’ അഭിജിത് കുറിച്ചു.

നേരത്തെ ദല്‍ഹി ജന്തര്‍ മന്ദറിലെ പ്രതിഷേധത്തിന്റെ വീഡിയോയ അഭിജിത് എക്‌സില്‍ പങ്കുവച്ചിരുന്നു. പ്രതിഷേധത്തിനെത്തിയ വലിയ ജനക്കൂട്ടത്തെ വീഡിയോയില്‍ കാണാം.

‘അവര്‍ പറഞ്ഞു പാറ്റകള്‍ ഒരിക്കലും നിലത്തിറങ്ങാന്‍ പോകുന്നില്ലെന്ന്,’ എന്ന കുറിപ്പോട് കൂടിയാണ് ദീപ്‌കെ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

രാജ്യത്തെ പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് അനുയായികളുള്ള ജെന്‍-സി പ്രസ്ഥാനമായ സി.ജെ.പിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്കെ ബോസ്റ്റണില്‍ നിന്നും നേരിട്ടെത്തിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

‘ധര്‍മേന്ദ്ര പ്രധാന്‍, രാജിവയ്ക്കൂ!’, ‘ഞങ്ങളുടെ നികുതിപ്പണം മന്ത്രിയുടെ ശമ്പളത്തിനായി ഉപയോഗിക്കരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.

ജന്തര്‍ മന്ദിറില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു പ്രതിഷേധം. ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സി.ജെ.പിയുടെ ആദ്യ ഓഫ് ലൈന്‍ പരിപാടിയാണ് ജന്തര്‍ മന്ദറിലേത്.

Content Highlight: Today’s protest was just a trailer: Cockroach Janata Party (CJP) founder Abhijeet Dipke about Delhi Jantar Mandar Protest

Latest Stories

We use cookies to give you the best possible experience. Learn more