ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ ആറാം ലോകകിരീടം ചൂടിയിട്ട് ഇന്ന് മൂന്ന് വയസ്. 2023 നവംബർ 19നായിരുന്നു ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 241 റൺസിന്റെ വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
10 മത്സരങ്ങൾ അപരാജിതമായി എത്തിയ രോഹിത് ശർമയും സംഘവും കങ്കാരുപ്പടക്ക് മുന്നിൽ വീഴുകയായിരുന്നു. ഈ തോൽവി ഇന്നും ഇന്ത്യൻ ആരാധകരുടെ മനസിൽ ഒരു ഉണങ്ങാത്ത മുറിവായി ബാക്കിനിൽപ്പുണ്ട്.
ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് ഓസീസ് കിരീടയാത്രയിൽ വിജയപാതയിലേക്ക് മടങ്ങിയെത്തിയത്. ആദ്യ രണ്ട് മത്സരങ്ങൾ തോൽക്കുകയും ബംഗ്ലാദേശിനും നെതർലൻഡ്സിനും താഴെ പോയിന്റ് പട്ടികയിൽ അവസാനക്കാരായുമാണ് മുൻ ചാമ്പ്യൻമാർ തലകുനിച്ചുനിന്നത്. എന്നാൽ അവിടെ നിന്നും ഓസീസ് കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു.
ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശർമ – ശുഭ്മൻ ഗിൽ കോംബോയുടെ മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകർക്ക് പിഴച്ചു. നാല് പന്തിൽ മൂന്ന് റൺസുമായി മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി ഗിൽ പുറത്തായി.
ഗിൽ പുറത്തായെങ്കിലും തന്റെ പതിവ് രീതികളിൽ ഒരു മാറ്റവും വരുത്താതെ രോഹിത് ശർമ തകർത്തടിച്ചു. ഫിയർലെസ് ക്രിക്കറ്റിങ് ഷോട്ടുകൾ ഹിറ്റ്മാന്റെ ബാറ്റിൽ നിന്നും പിറവിയെടുത്തപ്പോൾ സ്കോർ ബോർഡ് അതിവേഗത്തിൽ ചലിച്ചു. ഒടുവിൽ ടീം സ്കോർ 76ൽ നിൽക്കവെ രോഹിത് പുറത്തായി. 107 പന്തിൽ 66 റൺസ് നേടിയ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിരാട് കോഹ്ലി 63 പന്തിൽ 54 റൺസ് നടിയപ്പോൾ 31 പന്തിൽ 47 റൺസാണ് രോഹിത് നേടിയത്.
എന്നാൽ പ്രതീക്ഷവെച്ച പല താരങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 240 റൺസിലൊതുങ്ങിയത്. ശുഭ്മൻ ഗിൽ (ഏഴ് പന്തിൽ മൂന്ന്), ശ്രേയസ് അയ്യർ (മൂന്ന് പന്തിൽ നാല്) എന്നിവർക്ക് സ്കോറിങ്ങിൽ കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല.
ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപയും ഗ്ലെൻ മാക്സ്വെല്ലുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രലിയക്ക് ഡേവിഡ് വാർണറിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. ടീം സ്കോർ 50 കടക്കും മുമ്പേ മൂന്ന് വിക്കറ്റ് വീണ ഓസീസ് പതറിയിരുന്നു.
എന്നാൽ ഓപ്പണറായി കളത്തിലെത്തിയ ട്രാവിസ് ഹെഡിന്റെ അപരാജിത സെഞ്ച്വറിക്ക് പിന്നാലെ ഓസീസ് വിജയത്തിലേക്ക് നടന്നുകയറി. 120 പന്തിൽ 137 റൺസാണ് ഹെഡ് സ്വന്തമാക്കിയത്.ഹെഡിന് മികച്ച പിന്തുണയുമായി കളത്തിൽ ഉറച്ചുനിന്ന മാർനസ് ലബുഷാനും അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ഒടുവിൽ ഏഴ് ഓവർ ബാക്കി നിൽക്കവെ ഓസീസ് വിജയമാഘോഷിച്ചു.
1987, 1999, 2003, 2007, 2015, 2023 എന്നീ വർഷങ്ങളിലാണ് ഓസ്ട്രേലിയ ലോകത്തിന്റെ നെറുകയിലെത്തിയത്.
Content Highlight: Today marks three years since Australia defeated India to win their sixth World Cup