ഇന്ത്യൻ പെൺപട വിശ്വം ജയിച്ചിട്ട് ഇന്നേക്ക് ഒരു വയസ്. മിതാലി രാജും ജുലൻ ഗോസ്വാമിയും അൻജും ചോപ്രയും നടന്നുനീങ്ങിയ വഴിയിലൂടെ ഇന്ത്യ സ്വപ്നം കണ്ട ആദ്യ വനിതാ ലോകകപ്പ് ഹർമൻപ്രീത് കൗറിന്റെ സംഘം ചൂടിയ ഓർമകളുടെ നിറവിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. 2025 നവംബർ രണ്ടിനാണ് ആ ചരിത്ര നിമിഷം പിറവിയെടുത്തത്.
നവി മുംബൈയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കൈപ്പിടിയിലാക്കിയത്. ഇന്ത്യ ഉയർത്തിയ 299 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പ്രോട്ടിയാസ് 246ന് പുറത്തായി.
ദീപ്തി ശർമയുടെയും ഷെഫാലി വർമയുടെയും ഓൾ റൗണ്ട് മികവിലാണ് ഇന്ത്യ ഫൈനൽ പിടിച്ചടക്കിയത്. ഷെഫാലി 87 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ അഞ്ച് വിക്കറ്റും 58 റൺസുമായിരുന്നു ദീപ്തിയുടെ സമ്പാദ്യം.
മഴമൂലം ടോസ് നീണ്ടുപോയ മത്സരത്തിൽ ഭാഗ്യം തുണച്ചത് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിനെയാണ്. ലോറ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ഇന്ത്യക്കായി സ്മൃതി മന്ഥാനയും ഷെഫാലി വർമയും ആദ്യ വിക്കറ്റിൽ ഇരുവരും ചേർത്തുവെച്ചത് 104 റൺസാണ്. 18ാം ഓവറിലെ നാലാം പന്തിൽ മന്ഥാനയെ മടക്കി ക്ലോ ട്രയോണാണ് ഈ കൂട്ടുകെട്ട് തകർത്തത്. 58 പന്തിൽ 45 റൺസുമായി സ്മൃതി മടങ്ങി.
രണ്ടാം വിക്കറ്റിൽ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി ഒരു അർധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തിയാണ് ഷെഫാലി കളം വിട്ടത്. ടീം സ്കോർ 166ൽ നിൽക്കെ ഷെഫാലി മടങ്ങി. പിന്നാലെയെത്തിയവരിൽ ദീപ്തി ശർമയും (58 പന്തിൽ 58), റിച്ച ഘോഷും (24 പന്തിൽ 34) എന്നിവരും തിളങ്ങിയപ്പോൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് വിജയലക്ഷ്യം സൗത്ത് ആഫ്രിക്കക്ക് നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിനായി ക്യാപ്റ്റൻ ലോറ വോൾവാർഡ് ടാസ്മിൻ ബ്രിറ്റ്സിനെ കൂട്ടുപിടിച്ച് ആദ്യ വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് അടിത്തറയൊരുക്കിയത്. ടീം സ്കോർ 51ൽ നിൽക്കവെ ബ്രിറ്റ്സിനെ റൺ ഔട്ടാക്കി മടക്കി ഇന്ത്യ ആദ്യ ബ്രേക് ത്രൂ നേടി. 35 പന്തിൽ 23 റൺസുമായാണ് ബ്രിറ്റ്സ് പുറത്തായത്. പിന്നാലെയെത്തിയ അനേക് ബോഷിനെ ചാരിണി പൂജ്യത്തിനും മടക്കിയതോടെ സൗത്ത് ആഫ്രിക്ക സമ്മർദത്തിലേക്ക് വഴുതി വീഴാൻ ആരംഭിച്ചു.
മൂന്നാം വിക്കറ്റിൽ സ്യൂൻ ലസിനെ ഒപ്പം കൂട്ടി ലോറ അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി ഇരുവരും ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
21ാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ മറ്റൊരു ബ്രേക് ത്രൂ സ്വന്തമാക്കുന്നത്. ലസിനെ മടക്കി ഷെഫാലി വർമ സൗത്ത് ആഫ്രിക്കയുടെ നെറുകിൽ പ്രഹരമേൽപിച്ചു. 31 പന്തിൽ 25 റൺസുമായി ലസ് മടങ്ങി. അധികം വൈകാതെ അപകടകാരിയായ മാരിസൻ കാപ്പിനെ വെറും നാല് റൺസിന് മടക്കി ഷെഫാലി സൗത്ത് ആഫ്രിക്കയെ വീണ്ടും സമ്മർദത്തിലാക്കി.
ഒടുവിൽ ടീം സ്കോർ 220ൽ നിൽക്കവെ ഏഴാം വിക്കറ്റായി ലോറ പുറത്തായി. 98 പന്തിൽ 101 റൺസ് നേടിയാണ് ക്യാപ്റ്റൻ മടങ്ങിയത്. ദീപ്തി ശർമയ്ക്കാണ് വിക്കറ്റ്.
ശേഷിച്ച മൂന്ന് വിക്കറ്റുകൾ 26 റൺസിന് എറിഞ്ഞിട്ട ഇന്ത്യ കരുത്തുകാട്ടി. ദീപ്തി ശർമ എറിഞ്ഞ 45ാം ഓവറിലെ മൂന്നാം പന്തിൽ നദീന ഡി ക്ലാർക്ക് അടിച്ച പന്ത് കൈപിടിയിലൊതുക്കി ക്യാപ്റ്റൻ ഹർമൻ ചരിത്രത്തിലെ ആദ്യ വനിതാ ഏകദിന ലോകകപ്പ് സമ്മാനിച്ചു.
Content Highlight: Today marks one year since the Indian women’s cricket team won their first ODI World Cup