2007 സെപ്റ്റംബര്‍ 19ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന പ്രഥമ ടി-20 ലോകകപ്പ് മത്സരം ഒരു ക്രിക്കറ്റ് പ്രേമിയും മറന്നു കാണില്ല. സൗത്ത് ആഫ്രിക്കയിലെ ഡര്‍ബന്‍ കിങ്‌സ്‌മേഡില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പിറവിയെടുത്തത് ലോക ചരിത്രമായിരുന്നു. അതിന് കാരണക്കാരനായത് ഇതിഹാസ താരം സാക്ഷാല്‍ യുവരാജ് സിങ്ങും!
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അധ്യായമാണ് 2007 ടി-20 ലോകകപ്പിലെ ഇന്ത്യക്കെതിരെ സൂപ്പര്‍ എട്ടില്‍ നടന്ന മത്സരം. പോള്‍ കോളിങ്‌വുഡിനോടും ആന്‍ഡ്രൂ ഫ്‌ളിന്റോഫിനോടമുള്ള വാക് പോരില്‍ ഉണ്ടായ ദേഷ്യം യുവരാജ് സിങ് യുവതാരമായിരുന്ന ബ്രോഡിന്റെ നെഞ്ചത്ത് തീര്‍ത്തപ്പോള്‍ താരത്തിന്റെ ഒരു ഓവറില്‍ 36 റണ്‍സാണ് പിറവിയെടുത്തത്. അന്ന് ഒരു ഓവറില്‍ യുവരാജ് ആറ് സിക്‌സര്‍ നേടി ചരിത്രം സൃഷ്ടിച്ചിട്ട് ഇന്നേക്ക് 19 വര്‍ഷം തികയുകയാണ്. അന്ന് ആദ്യമായിട്ടായിരുന്നു അന്താരാഷ്ട്ര ടി-20യില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ പിറന്നത്.
മത്സരത്തില്‍ തന്റെ ആദ്യ മൂന്ന് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബ്രോഡ് അവസാന ഓവറില്‍ വഴങ്ങിയത് 36 റണ്‍സാണ്. നാല് ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നേടാനാകാതെ 60 റണ്‍സാണ് ബ്രോഡ് വഴങ്ങിയത്.
കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് യുവരാജില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന എണ്ണം പറഞ്ഞ ആറ് സിക്‌സര്‍ ബ്രോഡിന്റെ കരിയറിലെ ഒരു കറുത്ത ഏടായിരുന്നു. 2023 ജൂലൈ 29ന് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രോഡ് ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 344 മത്സരത്തില്‍ നിന്ന് 847 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം അന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നേരിട്ട 12ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ യുവരാജ് 16 പന്തില്‍ നിന്നും 58 റണ്‍സാണ് നേടിയത്. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡും അന്ന് യുവിയുടെ പേരില്‍ കുറിക്കപ്പെട്ടു.
2023ല്‍ ദീപേന്ദ്ര സിങ് ഐറി ഒമ്പത് പന്തില്‍ ഫിഫ്റ്റിയടിക്കുന്നത് വരെ ഈ റെക്കോഡില്‍ യുവരാജ് ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു. 2023ല്‍ നേപ്പാള്‍ താരം ദീപേന്ദ്ര സിങ് ഐറിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മംഗോളിയയായിരുന്നു എതിരാളികള്‍.
നേരിട്ട എല്ലാ പന്തിലും സിക്‌സറടിച്ചാണ് ഐറി ചരിത്രത്തില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡിലെത്തിയത്. ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ ഒമ്പത് പന്തിലും സിക്സര്‍ നേടിയാണ് താരം റെക്കോഡിട്ടത്. ഈ റെക്കോഡിനൊപ്പമെത്താം എന്നല്ലാതെ നിലവിലെ ക്രിക്കറ്റ് നിയമങ്ങള്‍ ഇതുപോലെ തുടരുന്ന കാലം വരെ ആര്‍ക്കും തന്നെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കില്ല.
Content Highlight: Today marks 19 years since Yuvraj Singh hit six sixes off England pacer Stuart Broad in the 2007 T20 World Cup