ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബ വേദിയാവുകയാണ്. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്.
ഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂ. ഇരു ടീമുകളുടെയും വിജയത്തിന്റെ ഇന്ന് ടോസും പിച്ചും ഒരു പ്രധാന ഘടകമാണ്.
ടോസ് നേടിയാല്‍ ക്യാപ്റ്റന്‍മാര്‍ ബൗളിങ്ങാണ് തെരഞ്ഞെടുക്കാന്‍ സാധ്യത. ഗാബ പിച്ച് പൊതുവെ പേസ് ബൗളര്‍മാര്‍ക്കാണ് അനുകൂലം. പിച്ചിന്റെ വേഗവും ബൗണ്‍സും ഏറെ പ്രശ്‌സ്തമാണ്. ഇത് ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പിച്ചുകളിലൊന്നാണ്. മത്സരത്തിന്റെ തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്ക് പരീക്ഷിക്കപ്പെടും.
എന്നാല്‍ ബൗണ്‍സിന് പൊരുത്തപ്പെട്ടാല്‍ ബാറ്റര്‍മാകര്‍ക്ക് പിച്ച് അനുകൂലമാകും. ഗാബയില്‍ സ്പിന്നര്‍മാര്‍ക്ക് തുടക്കത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയില്ല. പക്ഷേ മത്സരം നീളുമ്പോള്‍ പിച്ചിലെ ക്രാക്കുകളും പന്തിന്റെ ഗ്രിപ്പും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായേക്കും.
എന്നിരുന്നാലും ഗാബയില്‍ നടന്ന 10 അന്താരാഷ്ട്ര ടി-20യുടെ ഫലങ്ങള്‍ ഏറെ വ്യത്യസ്ഥമാണ്. മത്സരങ്ങളില്‍ എട്ട് വിജയം സ്വന്തമാക്കിയതും ആദ്യം ബാറ്റ് ചെയ്ത ടീമാണ്. ആദ്യ ബൗള്‍ ചെയ്തവര്‍ രണ്ട് തവണ മാത്രമാണ് വിജയിച്ചത്.
ഗാബയില്‍ ഓസ്‌ട്രേലിയയാണ് ഏറ്റവും ഉയര്‍ന്ന ടി-20 സ്‌കോര്‍ ഉയര്‍ത്തിയ ടീം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 209 റണ്‍സാണ് കങ്കാരുപ്പട നേടിയത്. ഗ്രൗണ്ടില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 2006ല്‍ സൗത്ത് ആഫ്രിക്കയുടെ ഡാമിയന്‍ മാര്‍ട്ടിനാണ്. 96 റണ്‍സാണ് താരം നേടിയത്. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇവിടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയത്. 2022ല്‍ പ്രോട്ടിയാസിനെതിരെ 4/20 എന്ന ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്.