| Saturday, 20th May 2023, 1:40 pm

മെസിയോ റോണോയോ മികച്ചത്? ഗോട്ട് ഡിബേറ്റില്‍ ബെല്‍ജിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.

കഴിവിന്റെ കാര്യത്തില്‍ ഇരുവരെയും താരതമ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതിനാല്‍ ടൈറ്റില്‍, ബാലണ്‍ ഡി ഓര്‍, എന്നിവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്.

മെസിയോ റോണോയോ മികച്ച താരമെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെല്‍ജിയം താരം ടോബി ആല്‍ഡെര്‍വെയ്റെല്‍ഡ്. ഇരു താരങ്ങള്‍ക്കെതിരെയും ടോബി കളത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 2018ലെ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പഴ്‌സ് ബാഴ്‌സലോണയെ ഏറ്റുമുട്ടിയതിന്റെ ഓര്‍മ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എല്ലായ്‌പ്പോഴും ഫീല്‍ഡില്‍ കളിക്കാരെ നിരീക്ഷിക്കാറുണ്ട്, പലപ്പോഴും അവരെ പഠിക്കാനും ശ്രമിക്കാറുണ്ട്. പക്ഷേ  വെമ്പ്ളെയിലെ ആ രാത്രി ഞങ്ങള്‍ക്ക് 4-2ന് മത്സരം നഷ്ടപ്പെട്ടപ്പോള്‍ അസാധ്യ പ്രകടനമായിരുന്നു മെസി പുറത്തെടുത്തത്. മെസി ശരിക്കുമൊരു അസാധ്യ കളിക്കാരനാണ്. നിങ്ങള്‍ക്കവനെ പിടിക്കാന് കഴിയില്ല. അദ്ദേഹം ചെയ്യുന്നതെല്ലാം വളരെ വേഗത്തിലായിരിക്കും. എനിക്ക് അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്,” ടോബി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചത് ലയണല്‍ മെസിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോണോയുടെ കൂടെ പല തവണ കളിച്ചിട്ടുണ്ടെന്നും മെസിയൊരു പ്രതിഭയാണെന്നും ടോബി പറഞ്ഞു.

‘അതേ റൊണാള്‍ഡോയുമായും ഫീല്‍ഡില്‍ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്, അദ്ദേഹം മികച്ച കളിക്കാരനുമാണ്. പക്ഷേ മെസിയുടെ കഴിവിനെ വെല്ലാന്‍ ആര്‍ക്കുമാകില്ല. അദ്ദേഹം ആര്‍ക്കും പിടി കൊടുക്കാത്ത കളിക്കാരനാണ്,’ ടോബി വ്യക്തമാക്കി.

അതേസമയം, ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Toby Alderweireld praises Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more