| Monday, 20th July 2026, 10:45 pm

ലോകകപ്പിന് ശേഷം അര്‍ജന്റീന ആരാധകരായ ഇടതുപക്ഷക്കാരോട്‌...

സുദീപ് സുധാകരന്‍

ലോകകപ്പ് അവസാനിച്ച സ്ഥിതിക്ക് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു.

ഒരു 2020 വരെയെങ്കിലും ഫുട്‌ബോളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, ഏറ്റവും രാഷ്ട്രീയപരമായി അതിനെ സമീപിച്ച ആരാധകര്‍ അര്‍ജന്റീയയുടെ ഇടതുപക്ഷ സുഹൃത്തുക്കളാണ് എന്ന് തോന്നിയിട്ടുണ്ട്.

അര്‍ജന്റീന എന്നാല്‍ ‘മര്‍ദിതന്റെയും പീഡിതന്റെയും’ ശബ്ദമാണ് എന്ന ലൈനില്‍ തുടങ്ങി, ഇടതാകുക എന്നാല്‍ അര്‍ജന്റീനയാകുക, എന്ന ലെവലില്‍ വരെയുള്ള ഫുട്‌ബോള്‍ രാഷ്ട്രീയ എഴുത്തുകള്‍ ഇക്കാലഘട്ടത്തില്‍ നിറയുമായിരുന്നു.

‘റൊസാരിയോ തെരുവിലെ മുത്തശ്ശിക്ക് രണ്ട് മക്കളാണ് ഒന്ന് മറഡോണയും മറ്റൊന്ന് ചെ ഗുവേരയും’ എന്നോ മറ്റോ തുടങ്ങുന്ന ഒട്ടനവധി സാഹിത്യങ്ങള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ഇത് കേവലം റാന്‍ഡം ഫേസ്ബുക് ഐ.ഡികളില്‍ നിന്ന് മാത്രമായിരുന്നില്ല എന്നതും ഓര്‍ക്കാവുന്നതാണ്.

ചെ ഗുവേരയുടെ ചിത്രവുമായി മറഡോണ

എന്നാല്‍ ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭിക്കുകയും, ആളുകള്‍ കൂടുതല്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിയുകയും ചെയ്തപ്പോള്‍, മറഡോണയോ, ചെ ഗുവേരയോ ഒന്നും ആ രാജ്യത്തിന്റെ പൊതുവിലുള്ള രാഷ്ട്രീയ, സാമൂഹിക, ചരിത്ര ഘടനയെ; അതിന്റെ ഭൂരിപക്ഷ സ്വഭാവത്തെ റെപ്രെസന്റ് ചെയ്യുന്നവരല്ല എന്ന യാഥാര്‍ഥ്യം മുന്നോട്ട് വന്നു.

ഒരു രാജ്യത്തെയും (ഒരു പക്ഷെ നിലവില്‍ ഇസ്രഈല്‍ ഒഴിച്ച്) പൂര്‍ണമായും റേസിസിറ്റ് അല്ലെങ്കില്‍ അതുപോലെയുള്ള കാറ്റഗറികളില്‍പ്പെടുത്തുന്നത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സങ്കീര്‍ണമാണ് ചരിത്രവും സമൂഹവും. റേസിസത്തിന്റെ വലിയ ചരിത്രമുള്ള അര്‍ജന്റീനയില്‍ തന്നെ ചെറുത്തുനില്‍പുകളുടെ ചരിത്രവും നിങ്ങള്‍ക്ക് കാണാം.

അര്‍ജന്റീനയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ നിന്നും

എന്നാല്‍ അര്‍ജന്റീനയുടെ ഡോമിനന്റായ ഫീച്ചറുകള്‍ അധികവും ഇടതുപക്ഷത്തേക്കാള്‍ വലതുപക്ഷ സ്വഭാവമാണ് ആ രാജ്യത്തിനുള്ളത് എന്ന വസ്തുത മുന്നിലുണ്ട്. ഇതിനെ പോലും ആളുകള്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്, അര്‍ജന്റീന ഫാന്‍സ് ഒരു കാലഘട്ടം വരെ എടുക്കാറുണ്ടായിരുന്ന ഹൈ മോറല്‍ / പൊളിറ്റിക്കല്‍ പൊസിഷനോടുള്ള റിയാക്ഷന്‍ എന്ന രീതിയിലാണ്.

എന്നാല്‍ ഇതുകൊണ്ട് ഒരാള്‍ ആ ടീമിന്റെ ഫാന്‍ ആകരുത് എന്നോ അല്ലെങ്കില്‍ ഏതെങ്കിലും രാജ്യം ചെയ്യുന്ന കാര്യങ്ങള്‍ക്ക് ടീമിന്റെ ആരാധകര്‍ മറുപടി പറയണം എന്ന് പറയുന്നതോ ഒന്നും യുക്തിസഹമല്ല. ഒരു ഫുട്‌ബോള്‍ ടീമിനെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇത്രയൊന്നും രാഷ്ട്രീയ ഓഡിറ്റിങ് വേണ്ട എന്നാണ് എന്റെ നിലപാട്.

എന്നാല്‍ അര്‍ജന്റീനയുടെ കേസില്‍ പല ഇടതുപക്ഷ സുഹൃത്തുക്കളും നേരിടുന്ന പ്രശ്നം, ഒരേ സമയം ‘മര്‍ദിതരുടെ പീഡിതരുടെയും’ ശബ്ദമെന്ന രാഷ്ട്രീയ ലൈന്‍ പറഞ്ഞു കൊണ്ടിരിക്കുകയും എന്നാല്‍ അതെ സമയം രാഷ്ട്രീയ മറുപടി വരുമ്പോള്‍ അതിനോട് അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്നതാണ്.

ഈ വൈരുധ്യങ്ങള്‍ ആളുകള്‍ പറയുമ്പോള്‍, നിങ്ങള്‍ രാഷ്ട്രീയം പറയുന്നു എന്നോ, ക്രൈ മോര്‍ എന്നോ, നിങ്ങള്‍ക്ക് കപ്പുണ്ടോ എന്നൊന്നും ചോദിച്ചത് കൊണ്ട് കാര്യമില്ല.

അതോടൊപ്പം, എന്ന് മുതലാണ് ‘ഫുട്‌ബോളിലെ രാഷ്ട്രീയം’ ഇവര്‍ക്കൊക്കെ മോശം കാര്യമായത് എന്നും അവര്‍ ഓര്‍ത്തുനോക്കട്ടെ.

അര്‍ജന്റീനയുടെ റേസിസിറ്റ് പ്രോബ്ലം കേവലം ചരിത്രമോ ചില ആരാധകരുടെ കയ്യിലിരിപ്പോ ഒന്നും അല്ലെന്നും നിലവിലുള്ള കളിക്കാരില്‍ പലരും വരെ ആ രീതിയില്‍ ഇടപെടുന്നവരാണ് എന്നും എതിര്‍ക്കാന്‍ പോലും കഴിയാത്ത തെളിവുകളുടെ അകമ്പടിയോടെ നമ്മളുടെ മുന്നിലുണ്ട്.

എന്നാല്‍ അതിനെപ്പോലും ന്യായീകരിക്കേണ്ട ദുരവസ്ഥയിലേക്ക്, ഒരു കാലഘട്ടത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയ ലൈനില്‍ ഫുട്‌ബോളിനെ സമീപിച്ച ഫാന്‍സിന് വന്നു ചേര്‍ന്ന ദുര്‍ഗതി കാണാതെ പോകാന്‍ കഴിയില്ല. അത് ഇന്നലെ രാത്രി നടന്ന പോലെ ഒരു മഹാദുരന്തമായി പരിഗണിക്കുന്നു.

ഇനി മറ്റൊന്ന് ഫലസ്തീനുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ആദ്യമായി ഒരു ജെനസൈഡ് എന്നത് രാഷ്ട്രീയമായും, നിയമപരമായും, മനുഷ്യ ചരിത്രത്തിലും, അനിതരസാധാരണമായ സ്വഭാവമുള്ള കുറ്റകൃത്യമാണ്. അതിനെ കേവലം വലതുപക്ഷ രാഷ്ട്രീയം മാത്രമായി ചുരുക്കാനോ സമീകരിക്കാനോ കഴിയില്ല.

നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും ഡിഫൈനിങ് രാഷ്ട്രീയ ചോദ്യം ഫലസ്തീനും ഗസയുമാണ്.

ആദ്യമായി അര്‍ജന്റീന ആരധകര്‍ സയണിസ്റ്റുകളാണ് എന്നോ, ടീം സയണിസ്റ്റ് ആണെന്നോ, അല്ലെങ്കില്‍ മെസി സയണിസ്റ്റ് ആണെന്നോ ഒന്നും പറയാനോ, സ്ഥാപിക്കാനോ യാതൊരു ഉദ്ദേശവുമില്ല. ടീമിനെ പിന്തുണക്കുന്നത് രാഷ്ട്രീയമായി എന്തോ മോശം കാര്യമാണ് എന്നും തോന്നുന്നില്ല.

എന്നാല്‍ നാളെ ഒരു ന്യൂറംബര്‍ഗ് ട്രയല്‍സ് നടക്കുന്നുണ്ട് എങ്കില്‍ ആദ്യം കൊലക്കയര്‍ കിട്ടാന്‍ നിയമപരമായി യോഗ്യതയുള്ളത്, നെതന്യാഹു, സ്‌മോട്രിച്ച് അതുപോലെ ബെന്‍ ഗ്വിര്‍ എന്നീ മൂന്ന് സയണിസ്റ്റ് നേതാക്കള്‍ക്കായിരിക്കും. ഇന്‌ട്രെസ്റ്റിങ്‌ലി, ഈ മൂന്ന് പേരും വലിയ ശബ്ദത്തില്‍ ഇന്നലെ വരെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ വിജയത്തിന് വേണ്ടി കാത്തിരുന്നവരാണ്.

അര്‍ജന്റീന ജേഴ്‌സിയുമായി നെതന്യാഹു

സയണിസ്റ്റുകളും അര്‍ജന്റീനയിലെ നിലവിലെ ഭരണകൂടവും എത്രമാത്രം വലിയ കൂട്ടാളികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ വേള്‍ഡ് കപ്പിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.

ഈ സാഹചര്യത്തിലാണ് പ്രൊ ഫലസ്തീന്‍ രാഷ്ട്രീയത്തിന്റെ എതിര്‍പ്പ് അര്‍ജന്റീന ടീമിന് കിട്ടുന്ന സാഹചര്യം ഉണ്ടായത്.

അത് എന്തോ മോശം കാര്യമാണ് എന്ന് തോന്നുന്നില്ല. കാരണം അത്രയധികം മനുഷ്യരുടെ കോണ്‍ഷ്യസ്‌നെസിനെ വംശഹത്യ സ്വാധീനിച്ചിട്ടുണ്ട്. അതിനു നേതൃത്വം കൊടുക്കുന്ന വ്യക്തി ഞാന്‍ അര്‍ജന്റീന ജയിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍, കുറെ മനുഷ്യരെങ്കിലും ആ ടീം തോല്‍ക്കണം എന്ന് അത് കൊണ്ട് മാത്രം ആഹ്രഹിക്കും.

സ്വാഭാവികമായും അതിനുള്ളില്‍ പലര്‍ക്കും പല സ്ഥാപിത താത്പര്യങ്ങളും ഉണ്ടാകും. എന്നാല്‍ ടീമിന്റെ ഭാഗത്ത് നിന്നും ഒരു സ്റ്റേറ്റ്‌മെന്റ് എങ്കിലും വന്നിരുന്നു എങ്കില്‍ ഇത്തരം സ്ഥാപിത താത്പര്യക്കാരുടെ കുത്തിത്തിരിപ്പുകളെ അവര്‍ക്ക് അവസാനിപ്പിക്കാമായിരുന്നു. അതും വന്നില്ല.

ഇത് പറയുമ്പോള്‍ ആരാധകര്‍ അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ഇനി ഞങ്ങള്‍ക്ക് മാത്രമാണോ ഇത്തരം ഓഡിറ്റിങ് എന്ന് തോന്നുന്നുണ്ട് എങ്കില്‍, അതിന്റെയും കാരണം നിങ്ങളുടെ മോറല്‍ ഹൈ ഗ്രൗണ്ടാണ് എന്ന് മനസ്സിലാക്കുക.

ഇനി ഒരു ആള്‍ട്ടര്‍നേറ്റീവ് യൂണിവേഴ്സില്‍, മെസി ഒരു പ്രൊ ഫലസ്തീന്‍ വോയ്‌സും അര്‍ജന്റീന കടുത്ത അത്തരം നിലപാടെടുക്കുന്ന രാജ്യവുമായിരുന്നു എന്ന് കരുതുക. ഈ വേള്‍ഡ് കപ്പ് അപ്പാടെ അര്‍ജന്റീനയുടെ കേരളത്തിലെ ആരാധകര്‍, വിശിഷ്യ ഇടതുപക്ഷ സുഹൃത്തുക്കള്‍, ഒരു രാഷ്ട്രീയ നിലപാടു തറയാക്കി മാറ്റുമായിരുന്നില്ലേ? ഇന്ന് രാഷ്ട്രീയം പറയരുത് എന്ന് പറയുന്നവര്‍ ഓടി നടന്ന് അത് ചെയ്യുമായിരുന്നില്ലേ?

നിങ്ങള്‍ക്ക് ഫേവറേബിള്‍ ആകുമ്പോള്‍ മാത്രം രാഷ്ട്രീയം ഫുട്‌ബോളില്‍ അനുവദനീയവും അല്ലാത്തപ്പോള്‍ എന്തോ മോശം കാര്യവുമായി കരുതുന്നത് ഇരട്ടത്താപ്പാണ്.

Content highlight: To leftist Argentina fans after the World Cup

സുദീപ് സുധാകരന്‍

അധ്യാപകന്‍, എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more