| Tuesday, 21st June 2016, 9:48 am

പതഞ്ജലിയെ മറികടക്കാന്‍ നെസ്‌ലെ: പുതിയ 25 ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നെസ്‌ലെയുടെ മാഗി ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ വിപണി അടിക്കിവാണ കാലത്താണ് ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.

ഇതിനിടെയാണ് മാഗിയില്‍ മായം കണ്ടെത്തുന്നതും ഭക്ഷ്യസുരക്ഷ വിഭാഗം മാഗിക്ക് നിരോധനം ഏര്‍പ്പെടുന്നതും. തുടര്‍ന്നിങ്ങോട്ട് പതഞ്ജലി ഉത്പ്പന്നങ്ങള്‍ വലിയ തോതില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെട്ടു. നെസ്‌ലെയെ പിന്തള്ളി വലിയ ലാഭം പതഞ്ജലി നേടുകയും ചെയ്തു.

എന്നാല്‍ പതഞ്ജലിയെ പിന്തള്ളന്നായി നെസ്‌ലെ വീണ്ടും രംഗത്തെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട 25 പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് നെസ്‌ലെ.

നിലവില്‍ തങ്ങളുടെ പേരില്‍ രണ്ട് കേസുകള്‍ കോടതിയില്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ ഉത്പ്പന്നങ്ങളിലൂടെ വിപണിയില്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും നെസ്‌ലെ ഇന്ത്യ ചെയര്‍മാന്‍ സുരേഷ് നാരായണ്‍ പറയുന്നു.

കുഞ്ഞുങ്ങളേയും യുവാക്കളേയും സ്ത്രീകളേയും പ്രായമായവരേയും ലക്ഷ്യംവെച്ചാണ് പുതിയ ഉത്പ്പന്നങ്ങള്‍ കമ്പനി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാഗി ന്യൂഡില്‍സ് വിഭാഗത്തില്‍ തന്നെ ഏഴ് വ്യത്യസ്ത ഫ്‌ളേവറുകള്‍ ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബാബാ രാംദേവിന്റെ പതഞ്ജിലിയുമായി പോസിറ്റീവായുള്ള മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ ലാഭത്തില്‍ വര്‍ധന തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more