| Monday, 9th June 2025, 3:06 pm

ഐ.പി.എല്ലില്‍ ചെന്നൈയ്‌ക്കൊപ്പം തോറ്റതിനേക്കാള്‍ വലിയ തോല്‍വി! കിരീടം നിലനിര്‍ത്താന്‍ അശ്വിന്‍ പാടുപെടണം

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗി (ടി.എന്‍.പി.എല്‍)ല്‍ വമ്പന്‍ തോല്‍വിയേറ്റുവാങ്ങി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനോടാണ് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്റെ നേതൃത്വത്തിലിറങ്ങിയ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് പരാജയപ്പെട്ടത്. എസ്.എന്‍.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് അശ്വിനും സംഘവും തോല്‍വിയേറ്റുവാങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡ്രാഗണ്‍സ് വെറും 93 റണ്‍സിന് പുറത്തായി. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഡ്രാഗണ്‍സ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 27 പന്തില്‍ 30 റണ്‍സ് നേടിയ ഓപ്പണര്‍ ശിവം സിങ്ങാണ് ടോപ് സ്‌കോറര്‍.

ശിവം സിങ്ങിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത അശ്വിന്‍ 18 റണ്‍സിന് പുറത്തായി. 28 പന്തില്‍ 18 റണ്‍സ് നേടിയ ഇംപാക്ട് പ്ലെയര്‍ ആര്‍.കെ. ജയന്താണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം.

കഴിഞ്ഞ സീസണില്‍ പരീക്ഷിച്ച് വിജയിച്ച അശ്വിന്റെ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് പൊസിഷന്‍ എന്നാല്‍ പുതിയ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും വേണ്ടത്ര ഫലം കണ്ടില്ല. നോക്ക്ഔട്ട് മത്സരങ്ങളിലടക്കം ടോപ് ഓര്‍ഡറില്‍ ഇറങ്ങി വെടിക്കെട്ട് നടത്തിയ അശ്വിന് ആഗ്രഹിച്ച തുടക്കമല്ല സീസണ്‍ സമ്മാനിച്ചത്.

ടീമിലെ മറ്റ് താരങ്ങളും നിരാശപ്പെടുത്താന്‍ മത്സരിച്ചതോടെ ഡ്രാഗണ്‍സ് 16.2 ഓവറില്‍ 93ന് പുറത്തായി.

നാല് വിക്കറ്റുമായി തിളങ്ങിയ ഇസക്കിമുത്തുവാണ് ഡ്രാഗണ്‍സിനെ എറിഞ്ഞിട്ടത്. എം. മതിവന്നന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രവിശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തിരുപ്പൂര്‍ തമിഴന്‍സ് 11.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. വിക്കറ്റ് കീപ്പര്‍ തുഷാര്‍ രഹേജയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചുകയറിയത്.

രഹേജ 39 പന്തില്‍ പുറത്താകാതെ 65 റണ്‍സ് നേടി. അഞ്ച് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രാധാകൃഷ്ണന്‍ (21 പന്തില്‍ 14), അമിത് സാത്വിക് (11 പന്തില്‍ 13) എന്നിവരാണ് തിരുപ്പൂരിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.\

ഗണേശന്‍ പെരിയസ്വാമിയാണ് തിരുപ്പൂരിന്റെ ഏക വിക്കറ്റ് വീഴ്ത്തിയത്.

നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ഡ്രാഗണ്‍സ്. സീസണിന്റെ ഓപ്പണിങ് മാച്ചില്‍ ലൈക കോവൈ കിങ്‌സിനെ ഏഴ് വിക്കറ്റിന് ടീം പരാജയപ്പെടുത്തിയിരുന്നു.

ജൂണ്‍ 14നാണ് അശ്വിനും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. സേലം ക്രിക്കറ്റ് ഫൗണ്ടേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെയ്‌ചെം മധുരൈ പാന്തേഴ്‌സാണ് എതിരാളികള്‍.

Content Highlight: TNPL 2025: IDream Tiruppur Thamizhans defeated Dindigul Dragons

We use cookies to give you the best possible experience. Learn more