ടി.എന്‍.പി.എല്ലില്‍ എലിമിനേറ്റര്‍ മത്സരം വിജയിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ ദിവസം എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ട്രിച്ചി ഗ്രാന്‍ഡ് ചോളാസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഡ്രാഗണ്‍സ് വിജയം സ്വന്തമാക്കിയത്.
ഓള്‍ റൗണ്ട് പ്രകടനവുമായി തിളങ്ങിയ ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെ കരുത്തിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ വിജയം സ്വന്തമാക്കിയത്. ചോളാസ് ഉയര്‍ത്തിയ 141 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ശേഷിക്കെ ഡ്രാഗണ്‍സ് മറികടന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ട്രിച്ചി ഗ്രാന്‍ഡ് ചോളാസിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ല. 41 പന്തില്‍ 36 റണ്‍സ് നേടിയ ഓപ്പണര്‍ വസീം അഹമ്മദാണ് ടോപ് സ്‌കോറര്‍. ഇംപാക്ട് പ്ലെയറായെത്തിയ ജാഫര്‍ ജമാല്‍ 20 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സുരേഷ് കുമാര്‍ 17 പന്തില്‍ 23 റണ്‍സും സ്വന്തമാക്കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 140ലെത്തി.
ഡ്രാഗണ്‍സിനായി ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തിയും ഗണേശന്‍ പെരിയസ്വാമിയും രണ്ട് വിക്കറ്റ് വീതവും ശശിധരന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഓപ്പണറുടെ റോളിലെത്തിയ അശ്വിന്‍ വെടിക്കെട്ട് പുറത്തെടുത്തതോടെ ഡ്രാഗണ്‍സ് അതിവേഗം വിജയലക്ഷ്യത്തിലേക്ക് പറന്നടുത്തു. 48 പന്ത് നേരിട്ട താരം 11 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 83 റണ്‍സാണ് സ്വന്തമാക്കിയത്. 172.92 സ്‌ട്രൈക്ക് റേറ്റിലാണ് അശ്വിന്‍ റണ്ണടിച്ചത്.
പുറത്താകാതെ 29 പന്തില്‍ 27 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാബ അപരാജിതാണ് രണ്ടാമത് മികച്ച റണ്‍ഗെറ്റര്‍.
ഒടുവില്‍ 20 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡ്രാഗണ്‍സ് വിജയം സ്വന്തമാക്കി.
കഴിഞ്ഞ സീസണിലെ എലിമിനേറ്റര്‍ അടക്കമുള്ള നോക്ക്ഔട്ട് മത്സരങ്ങളിലെല്ലാം അശ്വിന്‍ തകര്‍ത്തടിച്ചിരുന്നു. എലിമിനേറ്ററില്‍ ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തിയ ഡ്രാഗണ്‍സ് രണ്ടാം ക്വാളിഫയറില്‍ ഐഡ്രീം സൂപ്പര്‍ ഗില്ലീസിനെയും തകര്‍ത്ത് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടി. ഫൈനലില്‍ കോവൈ കിങ്‌സിനെ നിഷ്പ്രഭമാക്കിയാണ് അശ്വിനും സംഘവും കപ്പുയര്‍ത്തിയത്.
ഈ സീസണിലും എലിമിനേറ്റര്‍ വിജയിച്ച് കിരീടത്തിലേക്കുള്ള കുതിപ്പ് ആരംഭിച്ചിരിക്കുകയാണ് ഡ്രാഗണ്‍സ്.
നാളെയാണ് രണ്ടാം ക്വാളിഫയര്‍ മത്സരം. മുന്‍ ചാമ്പ്യന്‍മാരായ ചെപ്പോക് സൂപ്പര്‍ ഗീല്ലീസാണ് എതിരാളികള്‍.
Content Highlight: TNPL 2025: Dindigul Dragons defeated Trichy Grand Cholas and advanced to 2nd Qualifier